ഫ്രാൻസിൽ യാത്രാ ട്രെയിൻ പാളം തെറ്റി; 44 പേർക്ക് പരുക്ക്

പാരിസ്: വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നോർമൻഡി മേഖലയിൽ യാത്രാ ട്രെയിൻ പാളം തെറ്റി 44 പേർക്ക് പരുക്ക്. റൂവാൻ–കെയ്ൻ റൂട്ടിൽ സർവീസ് നടത്തിയിരുന്ന പ്രാദേശിക ട്രെയിനാണ് വെള്ളിയാഴ്ച വൈകിട്ട് ക്ലിയോൺ പ്രദേശത്ത് അപകടത്തിൽപ്പെട്ടത്. 186 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്.

പരുക്കേറ്റവരിൽ 18 വയസ്സുകാരിയായ യുവതിയുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഇവരെ ഹെലികോപ്റ്ററിൽ റൂവാൻ സർവകലാശാല ആശുപത്രിയിലേക്ക് മാറ്റി. മറ്റ് 43 പേരെ അടിയന്തര ചികിത്സയ്ക്കായി പരിചരിച്ചു. അപകടത്തെ തുടർന്ന് 130 അഗ്നിരക്ഷാസേനാംഗങ്ങളും അഞ്ച് മെഡിക്കൽ സംഘങ്ങളും 80 വാഹനങ്ങളും ഉൾപ്പെടുന്ന രക്ഷാപ്രവർത്തനം നടത്തി.

വെള്ളിയാഴ്ച രാത്രി ഏകദേശം 7.45നാണ് ട്രെയിൻ പാളം തെറ്റിയത്. ട്രെയിൻ തിരിച്ചറിയാത്ത ഒരു വസ്തുവിൽ ഇടിച്ചതിനെ തുടർന്നാണ് പാളം തെറ്റിയതെന്നാണ് പൊലീസ് വക്താവ് വ്യക്തമാക്കിയത്. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ്, റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചു.

ട്രെയിൻ ഡ്രൈവറുടെ മദ്യ-ലഹരി പരിശോധനകൾ നെഗറ്റീവായതായി റൂവാൻ പ്രോസിക്യൂട്ടർ അറിയിച്ചു. അപകടത്തെ തുടർന്ന് റൂവാൻ–കെയ്ൻ, കെയ്ൻ–ലെ ഹാവ്രെ റൂട്ടുകളിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പകരം ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *