ഗുജറാത്ത് തീരത്ത് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചു; 21 ജീവനക്കാരെ രക്ഷപ്പെടുത്തി

കാണ്ഡ്ല: ഗുജറാത്തിലെ കാണ്ഡ്ല തുറമുഖത്തിന് സമീപം രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിൽ 24 ജീവനക്കാരുണ്ടായിരുന്ന എംവി കെമാക്സ് എംപറർ (MV KMAX EMPEROR) കപ്പലിലെ 21 പേരെ സുരക്ഷിതമായി കരയിലെത്തിച്ചു.

കാണ്ഡ്ലയുടെ പുറം നങ്കൂരമേഖലയായ ഒടിബിയിലാണ് (OTB) എംവി കെമാക്സ് എംപററും എംവി ട്രൂ മറൈനറും (MV TRUE MARINER) കൂട്ടിയിടിച്ചത്. സംഭവത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. കപ്പലിലെ ശേഷിക്കുന്ന മൂന്ന് ജീവനക്കാർ കപ്പലിന്റെ പ്രവർത്തനങ്ങൾക്കായി അവിടെ തുടരുകയാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

അപകടത്തെ തുടർന്ന് കടലിൽ മലിനീകരണത്തിന് സാധ്യതയുള്ളതിനാൽ കോസ്റ്റ് ഗാർഡ് മലിനീകരണ പ്രതിരോധ നടപടികളും സജീവമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, കേന്ദ്ര ഏജൻസികൾ, ഗുജറാത്ത് സംസ്ഥാന ഭരണകൂടം എന്നിവരുമായി ചേർന്നാണ് തുടർനടപടികൾ ഏകോപിപ്പിക്കുന്നത്.

അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കടൽസുരക്ഷയും തീരദേശ പരിസ്ഥിതിയുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *