ഫ്രാൻസിലെ തെരുവ് യുദ്ധത്തിന് കാരണം കുടിയേറ്റമെന്ന് ഡോണൾഡ് ട്രംപ്; ഫണ്ട് വെട്ടിക്കുറക്കലിനെതിരെ ഫ്രാൻസിൽ ജനലക്ഷങ്ങൾ തെരുവിൽ

വാഷിംഗ്ടൺ / പാരീസ്: ഫ്രാൻസിലെ കുടിയേറ്റ നയങ്ങളെയും അവിടെ നടക്കുന്ന വൻ ജനകീയ പ്രതിഷേധങ്ങളെയും രൂക്ഷമായി വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്നവർക്കായി അതിർത്തികൾ തുറന്നുകൊടുത്തതാണ് ആ രാജ്യം കത്തിയെരിയാൻ ഇടയാക്കിയതെന്ന് ജോർജിയയിലെ പെറിയിൽ നടന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പ്രചാരണ റാലിയിൽ സംസാരിക്കവേ അദ്ദേഹം ആരോപിച്ചു. ഫ്രാൻസിൽ പോലീസുണ്ടെങ്കിലും അവരുടെ ജോലി നിർവഹിക്കാൻ അനുവദിക്കുന്നില്ലെന്നും ഇത്തരം ആളുകളെ സ്വന്തം രാജ്യത്തേക്ക് കടക്കാൻ ഒരിക്കലും അനുവദിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഫ്രാൻസിലെ സാഹചര്യം ചൂണ്ടിക്കാട്ടി യു.എസിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ചും ട്രംപ് സംസാരിച്ചു. അമേരിക്കൻ സംസ്കാരത്തെ തകർക്കാൻ ശ്രമിക്കുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാനാണ് ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫ് ശ്രമിക്കുന്നതെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ കുടിയേറ്റത്തിനെതിരെ കർശന നടപടിയാണ് യു.എസ് സ്വീകരിച്ചുവരുന്നത്. ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം മൂന്ന് ലക്ഷത്തിലധികം വിസകളാണ് റദ്ദാക്കിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ടി.സി.എസ്, ഇൻഫോസിസ് ഉൾപ്പെടെയുള്ള എട്ട് പ്രമുഖ ഐ.ടി കമ്പനികളുടെ ഗ്രീൻ കാർഡ് അപേക്ഷകൾ മരവിപ്പിക്കുകയും തട്ടിപ്പ് ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഫ്രാൻസിലെ പ്രതിഷേധങ്ങൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതല്ലെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായി, വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയും ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെയുമാണ് വിദ്യാർഥികളും പൊതുജനങ്ങളും ഉൾപ്പെടെയുള്ളവർ ഫ്രാൻസിൽ തെരുവിലിറങ്ങിയിരിക്കുന്നത്. തലസ്ഥാനമായ പാരീസിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

പാരീസിന് പുറമെ ലിയോൺ, മാഴ്സെ, ലില്ലെ, ടൗലൂസ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും പ്രക്ഷോഭം പടർന്നിട്ടുണ്ട്. രാജ്യത്തുടനീളം നാല് ലക്ഷത്തിലധികം ആളുകൾ തെരുവിലിറങ്ങിയെന്ന് ഫ്രഞ്ച് ഭരണകൂടം വ്യക്തമാക്കുമ്പോൾ, എട്ട് ലക്ഷത്തോളം പേർ പങ്കെടുത്തുവെന്നാണ് പ്രക്ഷോഭ സംഘാടകർ അവകാശപ്പെടുന്നത്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നൂറോളം പ്രതിഷേധക്കാരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *