സംസ്ഥാന ചരിത്രത്തിലാദ്യം: പി.എസ്.സി ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണറുടെ ശുപാർശ

തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ചെയർമാനെയും 16 അംഗങ്ങളെയും പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നിർണായക ശുപാർശ നൽകി. കാലാവധി പൂർത്തിയാക്കി പദവി ഒഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ഗവർണറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു അസാധാരണ നടപടിയുണ്ടാകുന്നത്.

ചെയർമാനും അംഗങ്ങൾക്കുമെതിരെ രാജ്ഭവനിൽ ലഭിച്ച നിരവധി പരാതികളെത്തുടർന്ന് ഐ.ജി അജിതാ ബീഗം തയാറാക്കി ഡി.ജി.പിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഈ നീക്കം. പി.എസ്.സി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത സാഹചര്യവും അവർക്കെതിരെ കർശന നടപടി വേണമെന്ന നിർദേശവും അടങ്ങിയ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പരിഗണിച്ചാണ് ഗവർണർ രാഷ്ട്രപതിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്.

ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കാനുള്ള അധികാരം ഗവർണർക്കാണെങ്കിലും അവരെ പദവിയിൽ നിന്ന് നീക്കാൻ രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ. ഭരണഘടനാനുസൃതമായി സുപ്രീം കോടതിയുടെ അന്വേഷണത്തിനും അനുമതിക്കും ശേഷം മാത്രമേ ഇവർക്കെതിരെ അന്തിമ നടപടിയെടുക്കാൻ രാഷ്ട്രപതിക്ക് സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *