തിരുവനന്തപുരം: പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്നതും കേരളത്തിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി. ദേശീയതലത്തിലെ വൈദ്യുതി ലഭ്യതക്കുറവും സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം കുറഞ്ഞതുമാണ് പ്രധാന വെല്ലുവിളികൾ.
മഴ കുറഞ്ഞതിനെ തുടർന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നതും ജലവൈദ്യുതി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. നിലവിൽ അണക്കെട്ടുകളിലെ ജലസംഭരണശേഷിയുടെ ഏകദേശം 63.04 ശതമാനമാണ് വെള്ളമുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ആവശ്യകതയുടെ 20 ശതമാനത്തിൽ താഴെയാണ് ആഭ്യന്തര ഉത്പാദനം. പ്രതിദിനം ഏകദേശം 4000–4100 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്നുള്ള സ്രോതസുകളിൽ നിന്നാണ് ലഭിക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വേനൽക്കാലത്തെ നിലയിലേക്ക് ഉയർന്നതായി കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകതയിൽ ഏകദേശം 15 ശതമാനം വർധനയുണ്ടെന്നാണ് കണക്ക്. പ്രതിദിന ഉപഭോഗം 93–96 ദശലക്ഷം യൂണിറ്റിലെത്തി. പീക്ക് സമയത്തെ ആവശ്യകത 4900–5100 മെഗാവാട്ട് വരെയായി ഉയർന്നതോടെ 800 മുതൽ 1000 മെഗാവാട്ട് വരെ കുറവ് നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കെഎസ്ഇബി വ്യക്തമാക്കി.
വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും നിയന്ത്രണം പരമാവധി കുറയ്ക്കുന്നതിനുമായി അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
രാജ്യത്താകെ വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ പകൽ വൈദ്യുതി ലഭ്യമാണെങ്കിലും രാത്രിയിൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നത്.

