ഗോൾഡ് കോസ്റ്റ്: പരമ്പരാഗത സ്കൂൾ സമയക്രമങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് പ്രെപ്പ് മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പുതിയ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാനൊരുങ്ങി ഗോൾഡ് കോസ്റ്റിലെ മഡ്ജീറബയിലുള്ള വില്ലേജ് യാർഡ് ക്രിസ്ത്യൻ സ്കൂൾ. 2027 മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി പ്രകാരം സ്കൂൾ സമയം രണ്ട് ഷിഫ്റ്റുകളായി വിഭജിക്കും. രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 വരെയുള്ള മോണിംഗ് ഷിഫ്റ്റും, രാവിലെ 11:00 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെയുള്ള ആഫ്റ്റർനൂൺ ഷിഫ്റ്റുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ പുതിയ ക്രമീകരണത്തിലൂടെ വിദ്യാർത്ഥികൾക്ക് പ്രതിദിനം 4.5 മണിക്കൂർ മാത്രമേ സ്കൂളിൽ ചെലവഴിക്കേണ്ടി വരികയുള്ളൂ. ക്ലാസ് സമയം കുറവാണെങ്കിലും ഓസ്‌ട്രേലിയൻ കരിക്കുലം അനുശാസിക്കുന്ന എല്ലാ പാഠഭാഗങ്ങളും പൂർണ്ണമായും പഠിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂളിന്റെ ഈ പുതിയ പരീക്ഷണത്തിന് രക്ഷിതാക്കൾക്കിടയിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനം വന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നൂറിലധികം അപേക്ഷകൾ ലഭിക്കുകയും, 2027 ബാച്ചിലേക്കുള്ള സീറ്റുകൾ ഏതാണ്ട് പൂർണ്ണമായി നിറയുകയും ചെയ്തു. കൂടാതെ, 2028-ലെ അഡ്മിഷനായി 180-ലധികം കുടുംബങ്ങൾ ഇതിനോടകം താല്പര്യം അറിയിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് കൂടുതൽ സമയം ഒരുമിച്ചു ചെലവഴിക്കാനുള്ള സൗകര്യം, കുറഞ്ഞ ചിലവ്, റോഡുകളിലെ തിരക്കേറിയ സമയങ്ങളിലെ (പീക്ക് അവർ) യാത്ര ഒഴിവാക്കാൻ സാധിക്കുന്നത് എന്നിവയാണ് ഈ ടൈംടേബിളിന്റെ പ്രധാന ആകർഷണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

