പമ്പ: ശബരിമല തീർത്ഥാടന പാതയിലെ സുപ്രധാനമായ ചാലക്കയം–പമ്പ റോഡ് വികസന പ്രവൃത്തികൾ ഒന്നര മാസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയത് സർക്കാർ വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവാണെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത് പൊതുമരാമത്ത് മന്ത്രിയാണെന്നും, ദേവസ്വം ബോർഡിന്റെ അംഗീകാരം ലഭ്യമായതോടെ പദ്ധതിക്ക് വേഗത്തിൽ തുടക്കമായെന്നും അദ്ദേഹം പറഞ്ഞു. അനുമതിയും സാങ്കേതിക നടപടികളും വേഗത്തിലാക്കി സെപ്റ്റംബറിൽ അംഗീകാരം ലഭിച്ച പദ്ധതി നവംബറിൽ തന്നെ പൂർത്തിയാക്കാൻ സാധിച്ചു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ 553 കോടി രൂപയുടെ പ്രത്യേക പാക്കേജിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 80 ശതമാനം പ്രവൃത്തികളും ഇതിനോടകം ടെൻഡർ ചെയ്തു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും നിർദ്ദേശങ്ങളും തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് വലിയ വേഗം നൽകിയിട്ടുണ്ടെന്നും, ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പമ്പയിലും സന്നിധാനത്തും നേരിട്ടെത്തി യോഗം ചേർന്നിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.


തീർത്ഥാടനവുമായി ബന്ധപ്പെട്ട് പന്തളം, ചെങ്ങന്നൂർ, എരുമേലി എന്നിവിടങ്ങളിൽ നടത്തിയ അവലോകന യോഗങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ രണ്ട് വർഷത്തെ കുടിശ്ശിക ലഭിക്കാനുണ്ടെന്ന പരാതി ഉയർന്നിരുന്നു. ഈ കുടിശ്ശികയിൽ വലിയൊരു ഭാഗം രണ്ട് ദിവസത്തിനുള്ളിൽ തീർപ്പാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ആദ്യ ഗഡു അനുവദിച്ച സാഹചര്യത്തിൽ രണ്ടാം ഗഡുവും ലഭ്യമാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ പതിനെട്ടാംപടി കയറ്റത്തിന്റെ വേഗം നിർണ്ണായകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു മിനിറ്റിൽ 75 തീർത്ഥാടകരെ പതിനെട്ടാംപടി കയറ്റാൻ കഴിഞ്ഞാൽ തിരക്ക് നിയന്ത്രിക്കാനും ദർശനം സുഗമമാക്കാനും സാധിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം പോലീസിന് നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം ഉന്നത പോലീസ് ഉദ്യോഗസ്ഥരും ക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്.
അപ്പത്തിന്റെയും അരവണയുടെയും ലഭ്യത സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി ഉറപ്പുനൽകി. ഉൽപ്പാദന കേന്ദ്രം നേരിട്ട് സന്ദർശിച്ച് ജീവനക്കാരുടെ കഠിനാധ്വാനം ബോധ്യപ്പെട്ടതായും, 24 മണിക്കൂറും പ്രവർത്തിച്ചാണ് അവർ ഉൽപ്പാദനം ഉറപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 75 ലക്ഷം ടിൻ അരവണ ലഭ്യമാക്കാനായാൽ തീർത്ഥാടനകാലം സുഗമമായി പൂർത്തിയാക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് ഉറപ്പുനൽകിയിട്ടുണ്ട്.
ചാലക്കയം–പമ്പ റൂട്ടിൽ തീർത്ഥാടകരുടെ യാത്രാസൗകര്യത്തിനായി വാടക ബസുകൾ ഉൾപ്പെടെ അധിക സർവീസുകൾ ഏർപ്പെടുത്തും. ആവശ്യമായ ബസുകൾ ലഭ്യമാക്കുമെന്ന് കെ.എസ്.ആർ.ടി.സി ഉറപ്പുനൽകിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവരസഹായ കേന്ദ്രത്തിലൂടെ വെർച്വൽ ക്യൂ, താമസസൗകര്യം, അപ്പം, അരവണ എന്നിവയുടെ ബുക്കിംഗിനൊപ്പം കെ.എസ്.ആർ.ടി.സി ബസ് ടിക്കറ്റുകളും നേരിട്ട് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ചാലക്കയം–പമ്പ റോഡിൽ ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ച് കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ തെരുവുവിളക്കുകൾ സ്ഥാപിച്ചു. റോഡ് നവീകരണത്തിന് പിന്നാലെ റോഡ് കുത്തിപ്പൊളിക്കാതെ തന്നെ മികച്ച വെളിച്ച സംവിധാനം ഒരുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വർഷത്തെ തീർത്ഥാടനകാലം പൂർത്തിയായി നട അടച്ചശേഷം ഫെബ്രുവരി മുതൽ തന്നെ അടുത്ത വർഷത്തേക്കുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

