മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന കവലയായ വെള്ളൂർകുന്നം ഇ.ഇ.സി. മാർക്കറ്റ് ജംഗ്ഷനെ പൂർണ്ണമായും ഇരുട്ടിലാക്കി വാഹനമിടിച്ച് തകർന്ന ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിക്കാത്ത അധികൃതരുടെ നടപടിയിൽ വേറിട്ട പ്രതിഷേധം. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തി വിളക്കുകാൽ വഴിയരികിൽ കിടക്കാൻ തുടങ്ങിയിട്ട് നാളുകളായിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജിയാണ് തകർന്ന വിളക്കുകാലിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചത്.

നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രധാന ബസ് സ്റ്റോപ്പും സ്ഥിതി ചെയ്യുന്ന ഈ കവല ഇപ്പോൾ രാത്രികാലങ്ങളിൽ പൂർണ്ണമായും ഇരുട്ടിലാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായ ഇവിടെ ശബരിമല സീസൺ ആരംഭിക്കുന്നതോടെ നഗരം കൂടുതൽ തിരക്കിലേക്ക് നീങ്ങുകയാണ്. അതിനുമുൻപായി തകർന്ന ഹൈമാസ്റ്റ് ലൈറ്റ് അടിയന്തരമായി പുനഃസ്ഥാപിച്ച് ജംഗ്ഷനിലെ ഇരുട്ടകറ്റി വെളിച്ചം ഉറപ്പാക്കണമെന്നാണ് പ്രതിഷേധത്തിലൂടെ ആവശ്യപ്പെടുന്നത്.

