കടലാമക്കുഞ്ഞിനെ രക്ഷിക്കാൻ 1,400 കിലോമീറ്റർ യാത്ര; 16 മണിക്കൂർ വാഹനമോടിച്ച് ഓസ്‌ട്രേലിയൻ വന്യജീവി സംരക്ഷക

പെർത്ത്: വഴിതെറ്റി തണുത്ത കടലിൽ അകപ്പെട്ട കുഞ്ഞൻ കടലാമയ്ക്ക് പുതുജീവൻ നൽകാൻ 1,400 കിലോമീറ്റർ (അങ്ങോട്ടും ഇങ്ങോട്ടും) വാഹനമോടിച്ച് വന്യജീവി സംരക്ഷക. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ബൺബറി സ്വദേശിയായ ലെറ്റീഷ ഹെസൽവുഡ് ആണ് ‘ഷാഗി’ എന്ന് പേരിട്ടിരിക്കുന്ന ലോഗർഹെഡ് ഇനത്തിൽപ്പെട്ട കടലാമയെ രക്ഷിക്കാനായി 16 മണിക്കൂർ നീണ്ട യാത്ര നടത്തിയത്.

സാധാരണയായി ചൂടുള്ള ജലാശയങ്ങളായ നിംഗലൂ , ഷാർക്ക് ബേ എന്നിവിടങ്ങളിലാണ് ലോഗർഹെഡ് കടലാമകൾ കൂടുകൂട്ടുന്നത്. എന്നാൽ അവിടെനിന്നും ഏറെ അകലെ, എസ്പെരൻസ് തീരത്ത് കടൽപ്പായലുകൾക്കിടയിൽ ഒഴുകിനടക്കുന്ന നിലയിലാണ് ഷാഗിയെ കണ്ടെത്തിയത്. തണുത്ത തെക്കൻ സമുദ്രജലത്തിൽ അകപ്പെട്ടതിനാൽ ശരീരം അത്യന്തം തണുത്തുറഞ്ഞും നിർജ്ജലീകരണം സംഭവിച്ചും അപകടാവസ്ഥയിലായിരുന്നു ആമക്കുഞ്ഞ്.

വിവരമറിഞ്ഞ ലെറ്റീഷ ബൺബറിയിൽ നിന്നും ഏകദേശം 700 കിലോമീറ്റർ അകലെയുള്ള എസ്പെരൻസിലേക്ക് വാഹനമോടിച്ചെത്തി. അവിടുത്തെ സന്നദ്ധപ്രവർത്തകർ ആമയുടെ പുറംതോട് വൃത്തിയാക്കി നൽകിയ ശേഷം ലെറ്റീഷ ആമയെയും കൂട്ടി തിരികെ ബൺബറിയിലേക്ക് യാത്ര തിരിച്ചു.

നിലവിൽ ബൺബറിയിലെ ഡോൾഫിൻ ഡിസ്കവറി സെന്ററിലെ ചൂടാക്കിയ ടാങ്കിൽ വിദഗ്ദ്ധ പരിചരണത്തിലാണ് ഷാഗി. ആരോഗ്യം പൂർണ്ണമായി വീണ്ടെടുത്ത ശേഷം 2027 ഏപ്രിലിൽ നിംഗലൂ തീരത്ത് കടലിലേക്ക് തിരികെ വിടാനാണ് പദ്ധതി. ഈ ദൗത്യം തന്റെ ഹൃദയത്തിൽ ഇതുവരെ അറിയാതിരുന്ന ഒരു ശൂന്യത നികത്തിയതായി ലെറ്റീഷ പ്രതികരിച്ചു. വന്യജീവി സംരക്ഷണത്തോടുള്ള ലെറ്റീഷയുടെ അർപ്പണബോധത്തിനും കരുണയ്ക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *