എറണാകുളം: എറണാകുളം ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ടിൽ കേരള ജുഡീഷ്യൽ അക്കാദമിയും നുവാൽസും സംയുക്തമായി സംഘടിപ്പിച്ച ‘മ്യൂസിക്, സിനിമ ആൻഡ് ലോ’ സെമിനാർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സിനിമ, സംഗീത മേഖലകളിൽ ഒട്ടനവധി ആളുകളുടെ സർഗാത്മക അധ്വാനം അടങ്ങിയിട്ടുണ്ടെന്നും സാങ്കേതികവിദ്യയുടെ വളർച്ചയോടെ പകർപ്പവകാശ ലംഘനങ്ങളും പൈറസിയും വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ വ്യവസായത്തെ തകർച്ചയിൽ നിന്ന് സംരക്ഷിക്കുന്നതിനും എ.ഐ വെല്ലുവിളികളെ നേരിടുന്നതിനും നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് വി. മോഹന മുഖ്യാതിഥിയായ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സന്നിഹിതനായിരുന്നു. നിയമം, സംഗീതം, സിനിമ എന്നിവ വ്യത്യസ്ത മേഖലകളാണെങ്കിലും മനുഷ്യന്റെ പെരുമാറ്റവുമായും വികാരങ്ങളുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷത വഹിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി ജഡ്ജിയും കേരള ജുഡീഷ്യൽ അക്കാദമി ബോർഡ് ഓഫ് ഗവർണേഴ്സ് പ്രസിഡന്റുമായ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ പ്രമേയാധിഷ്ഠിത പ്രഭാഷണം നടത്തി. നുവാൽസ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി.ബി. റെഡ്ഡി, കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടർ കെ.എൻ. സുജിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ 13 വരെ നീണ്ടുനിൽക്കുന്ന സെമിനാറിൽ സംഗീതം, സിനിമ, പകർപ്പവകാശം, നിർമിത ബുദ്ധി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയുമായി ബന്ധപ്പെട്ട സമകാലിക നിയമപ്രശ്നങ്ങൾ ചർച്ച ചെയ്യും. ആദ്യ ദിനത്തിൽ കേരള കലാമണ്ഡലത്തിന്റെ ‘നവരസ’ ശാസ്ത്രീയ നൃത്താവതരണവും മറ്റ് സാംസ്കാരിക പരിപാടികളും നടന്നു.

