വിമാനത്തിൽ തോക്ക് ഭീഷണിയും ജീവനക്കാർക്ക് നേരെ ആക്രമണവും; യാത്രക്കാർ ചേർന്ന് പ്രതികളെ കീഴ്‌പ്പെടുത്തി

ദോഹ: മെൽബണിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ് വിമാനത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് ഭീഷണിയുയർത്തി അക്രമികളുടെ വിളയാട്ടം. ക്യാബിൻ ക്രൂ അംഗങ്ങളെ മർദിക്കുകയും തുപ്പുകയും ഹെഡ്ബട്ട് ചെയ്യുകയും ചെയ്ത രണ്ട് യാത്രക്കാർ തങ്ങളുടെ പക്കൽ തോക്കുണ്ടെന്ന് ഭീഷണി മുഴക്കിയതോടെ വിമാനത്തിനുള്ളിൽ വൻ പരിഭ്രാന്തി പടർന്നു.

സാഹചര്യം നിയന്ത്രണാതീതമായതോടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇടപെടുകയായിരുന്നു. ആറോ ഏഴോ യാത്രക്കാർ ചേർന്ന് അക്രമികളായ രണ്ട് പുരുഷന്മാരെയും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. തുടർന്ന് വിമാനജീവനക്കാരുടെ സഹായത്തോടെ കേബിൾ ടൈകൾ ഉപയോഗിച്ച് ഇവരെ ബന്ധിച്ചു.

സംഭവത്തെ തുടർന്ന് ഭീതിയുടെ അന്തരീക്ഷത്തിലായ വിമാനം സുരക്ഷിതമായി ദോഹയിൽ ഇറക്കി. ലാൻഡിംഗിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. എന്നാൽ, വിമാനത്തിൽ നിന്ന് തോക്കുകൾ കണ്ടെത്തിയതായി ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസിനിടെ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയും തോക്ക് ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തെ തുടർന്ന്, വിമാനയാത്രക്കാരുടെ സുരക്ഷയും പ്രതികൾക്ക് ആജീവനാന്ത യാത്രാവിലക്കും നിർബന്ധിത തടവുശിക്ഷയും ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *