അലാസ്കയിൽ ബോട്ട് മറിഞ്ഞു; 72 മണിക്കൂറോളം കടലിൽ കഴിഞ്ഞ 15കാരന് അത്ഭുത രക്ഷ

അലാസ്ക: ബെറിങ് കടലിൽ ബോട്ട് മറിഞ്ഞതിനെ തുടർന്ന് തലകീഴായി കിടന്ന ബോട്ടിന് മുകളിൽ ഏകദേശം 72 മണിക്കൂറോളം പിടിച്ചുകിടന്ന 15കാരനെ യുഎസ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. സെന്റ് ലോറൻസ് ദ്വീപ് സ്വദേശിയായ ഡെറക് പാർക്കർ അഗ്നാങ്ങയാണ് അതിശൈത്യത്തിനിടയിലും രക്ഷപ്പെട്ടത്. അപകടത്തിൽ കുട്ടിയുടെ ജ്യേഷ്ഠനും അടുത്ത ബന്ധുവും മരിച്ചു.

സെപ്റ്റംബർ നാലിന് ഡെറക്കും ജ്യേഷ്ഠനും ബന്ധുവും ചേർന്ന് പടിഞ്ഞാറൻ അലാസ്കയിലെ സെന്റ് ലോറൻസ് ദ്വീപിൽനിന്ന് 18 അടി നീളമുള്ള ചെറിയ മീൻപിടിത്ത ബോട്ടിൽ കടലിലേക്ക് പോയിരുന്നു. സെപ്റ്റംബർ ആറിന് ഉച്ചയോടെ തിരിച്ചെത്തേണ്ടിയിരുന്ന ഇവർ എത്താതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും വിവരമറിയിക്കുകയും യുഎസ് കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

തിരച്ചിലിനിടെ സെപ്റ്റംബർ ഏഴിന് രാവിലെ മറിഞ്ഞുകിടന്ന ബോട്ടിന് മുകളിൽ ഇരിക്കുന്ന ഡെറക്കിനെ കോസ്റ്റ് ഗാർഡ് വിമാനസംഘം കണ്ടെത്തി. തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിന്റെ സഹായത്തോടെ കുട്ടിയെ സുരക്ഷിതമായി കരയിലെത്തിച്ചു. അപകടത്തിൽ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി.

ഏകദേശം 10 ഡിഗ്രി സെൽഷ്യസ് തണുപ്പുള്ള വെള്ളത്തിലും ശക്തമായ തണുത്ത കാറ്റിലും ബോട്ടിന് മുകളിൽ പിടിച്ചുകിടന്നാണ് ഡെറക് ജീവൻ നിലനിർത്തിയത്. കടുത്ത തണുപ്പിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും നിലവിൽ വീട്ടിൽ വിശ്രമത്തിലാണെന്ന് റിപ്പോർട്ട്.

അപകടത്തിന്റെ സാഹചര്യത്തിൽ, ബോട്ടിന്റെ എഞ്ചിനിൽ മത്സ്യബന്ധന നൂൽ കുടുങ്ങിയതിനെ തുടർന്ന് ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതായാണ് മറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച ഔദ്യോഗിക അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *