ആശുപത്രിയിലെ കാർഡ്ബോർഡ് പെട്ടിയിൽ റെഫറൽ രേഖകൾ കുടുങ്ങി; ചികിത്സ വൈകി കാൻസർ രോഗി മരിച്ചു

മെൽബൺ: വിക്ടോറിയയിലെ മിൽഡുറ ബേസ് പബ്ലിക് ഹോസ്പിറ്റലിൽ അത്യാഹിത റെഫറൽ രേഖകൾ കാർഡ്ബോർഡ് പെട്ടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സ വൈകി കാൻസർ രോഗി മരിച്ചു. പേപ്പർ രേഖകളെ ഇപ്പോഴും പ്രധാനമായും ആശ്രയിക്കുന്ന ഈ റീജിയണൽ ആശുപത്രിയിൽ നൂറ്റമ്പതോളം അത്യാവശ്യ റഫറലുകളാണ് പതിനാറ് മാസത്തോളം യാതൊരു പരിശോധനയുമില്ലാതെ കെട്ടിക്കിടന്നത്.

പതിനാറ് മാസത്തോളം റെഫറൽ നടപടികൾ വൈകിയതിനെ തുടർന്നാണ് ഒരു കാൻസർ രോഗിക്ക് ജീവൻ നഷ്ടമായത്. ഇതിന് പുറമെ ചികിത്സ ലഭിക്കാൻ വൈകിയ മറ്റൊരു രോഗിയുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഡസൻ കണക്കിന് മറ്റ് രോഗികൾക്ക് അടിയന്തര പരിശോധനകൾ ആവശ്യമായി വന്നിട്ടുണ്ട്. 2024 ഡിസംബർ മുതലുള്ള റഫറലുകൾ 2026 ഏപ്രിൽ വരെ ആരും ശ്രദ്ധിക്കാതെ പെട്ടികളിൽ തന്നെ കിടക്കുകയായിരുന്നു. ഇത്തരം പേപ്പർ റഫറലുകൾ ട്രാക്ക് ചെയ്യുന്നതിനായി ഒരു കേന്ദ്രീകൃത സംവിധാനവും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.

സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ സേഫർ കെയർ വിക്ടോറിയയ്ക്ക് (Safer Care Victoria) അടിയന്തര റിപ്പോർട്ട് സമർപ്പിച്ചു. പ്രാദേശിക മേഖലയിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിൽ സാധാരണക്കാർ അർപ്പിക്കുന്ന വിശ്വാസത്തിന് വലിയ തിരിച്ചടിയാണ് ഈ ഗുരുതരമായ ഭരണപരമായ വീഴ്ച വരുത്തിവെച്ചിരിക്കുന്നത്. അതീവ ഗുരുതരമായ കാൻസർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച ഈ നിരുത്തരവാദപരമായ സമീപനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *