സിഡ്‌നി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ഇ-ബൈക്കുകൾക്കെതിരെ നടപടി കടുപ്പിച്ച് ന്യൂ സൗത്ത് വെയിൽസ് പോലീസ്. സിഡ്‌നിയിലെ നോർത്തേൺ ബീച്ചസ് മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ മണിക്കൂറിൽ 90 കിലോമീറ്ററിലധികം വേഗത കൈവരിക്കാൻ ശേഷിയുള്ള ഇ-ബൈക്കുമായി 14 വയസ്സുകാരൻ പിടിയിലായി. പരിശോധനയുടെ ഭാഗമായി അനധികൃതമായി രൂപമാറ്റം വരുത്തിയ 36 ഇ-ബൈക്കുകൾ പോലീസ് പിടിച്ചെടുത്തു.
നിയമം ലംഘിച്ചതിന് 16 പേർക്ക് പിഴ ചുമത്തുകയും 46 പേർക്ക് ഔദ്യോഗിക താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം ഇ-ബൈക്കുകളുടെ പരമാവധി സഹായ വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കണം. ഈ മാനദണ്ഡങ്ങൾ പാലിക്കാത്തതും അതിവേഗതയുള്ളതുമായ ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാനും നശിപ്പിക്കാനും പോലീസിന് നിലവിൽ നിയമപരമായ അധികാരമുണ്ട്. ഹൈവേയിലെ വാഹനങ്ങളുടെ വേഗതയിൽ കുട്ടികൾ ഇത്തരം ബൈക്കുകൾ ഓടിക്കുന്നത് പൊതുജനസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടുന്ന പോലീസ്, കുട്ടികൾ അപകടകരമായ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കൾക്കെതിരെയും നടപടി വേണമെന്ന ചർച്ചകൾക്കും തുടക്കമിട്ടിട്ടുണ്ട്.

