സിഡ്നി: സിഡ്നി നഗരത്തെ വിറപ്പിക്കുന്ന ഗുണ്ടാസംഘങ്ങളുടെ കുടിപ്പക രാജ്യാതിർത്തികൾ കടന്ന് ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് പോലീസ് കമ്മീഷണർ മാൽ ലാന്യൻ മുന്നറിയിപ്പ് നൽകി. സംഘടിത കുറ്റകൃത്യങ്ങൾ ‘ക്രൈം ആസ് എ സർവീസ്’ (Crime as a service) എന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും, വിദേശത്തിരിക്കുന്ന അധോലോക നേതാക്കൾ പ്രാദേശികമായി ആളുകളെ കൂലിക്ക് നിയോഗിച്ച് കൊലപാതകങ്ങളും മറ്റ് ഗുരുതര കുറ്റകൃത്യങ്ങളും ചെയ്യിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ നഗരത്തിൽ മൂന്ന് മാരകമായ വെടിവയ്പ്പുകളാണ് റിപ്പോർട്ട് ചെയ്തത്. ചെറുപ്പക്കാരെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും വളരെ ചെറിയ തുകകൾ നൽകി ഇത്തരം ഗുരുതര കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കുന്ന പ്രവണത വലിയ രീതിയിൽ വർദ്ധിച്ചുവരുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. സംഘടിത കുറ്റകൃത്യങ്ങളെ നേരിടാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമായ ‘ടാസ്ക് ഫോഴ്സ് ഫാൽക്കൺ’ ഇതുവരെ എഴുന്നൂറിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തോക്കെടുത്ത് കുറ്റകൃത്യം ചെയ്യുന്നവരെ മാത്രം പിടികൂടിയതുകൊണ്ട് ഇനി പ്രശ്നത്തിന് പരിഹാരമാകില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇവരെ റിക്രൂട്ട് ചെയ്തത് ആര്, പണം നൽകിയത് ആര്, കൊലപാതകത്തിനുള്ള ക്വട്ടേഷൻ പുറത്തുനിന്ന് നൽകിയത് ആര് എന്നിവ കണ്ടെത്തുകയാണ് പ്രധാനം. ഇത്തരം ക്രിമിനൽ ശൃംഖലകൾ പലതും രാജ്യത്തിന് പുറത്തിരുന്നാണ് കരുക്കൾ നീക്കുന്നത്. കുട്ടികളെ കരുവാക്കി കുറ്റകൃത്യങ്ങൾ നടത്തുന്ന ഇത്തരം സംഘങ്ങളെ വേരോടെ പിഴുതെറിയാൻ കടുത്ത ശിക്ഷാനടപടികളും നിയമപരിഷ്കാരങ്ങളും അടിയന്തരമായി നടപ്പാക്കേണ്ടതുണ്ടെന്ന ചർച്ചകളും ഇതോടെ ശക്തമായിട്ടുണ്ട്.

