കാൻബറ: ബിഗ് ടെക് കമ്പനികൾക്കെതിരെ കടുത്ത നിയന്ത്രണങ്ങളും നടപടികളുമായി ഓസ്ട്രേലിയൻ ലേബർ സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് 100 മില്യൺ ഡോളറിലധികം പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നു. എന്നാൽ ഈ നീക്കം രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള പുതിയ പോരാട്ടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
‘ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ’ എന്ന പേരിൽ നിർദ്ദേശിക്കപ്പെട്ട പുതിയ നിയമപ്രകാരം ഗുരുതരമായ ഓൺലൈൻ ദ്രോഹങ്ങൾ തടയാൻ പ്ലാറ്റ്ഫോമുകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരും. ഉപഭോക്താക്കൾക്ക് അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങളുടെ മേൽ കൂടുതൽ നിയന്ത്രണം നൽകാനും ശുപാർശ ചെയ്യുന്ന ചില കണ്ടന്റുകളിൽ നിന്ന് ഒഴിവാകാനും (opt out) പുതിയ നിയമം അവസരമൊരുക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് പരമാവധി 109.2 മില്യൺ ഡോളർ വരെ പിഴ ചുമത്താനും ഇ-സേഫ്റ്റി റെഗുലേറ്ററിന് കൂടുതൽ എൻഫോഴ്സ്മെന്റ് അധികാരങ്ങൾ നൽകാനും കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഗുരുതരമായ ദ്രോഹകരമായ ഉള്ളടക്കങ്ങളുടെ പട്ടികയിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന നിർദ്ദേശമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. ഇത്രയും വലിയ തുക പിഴയായി നൽകേണ്ടി വരുമെന്ന ഭയം കാരണം നിയമപരമായ കണ്ടന്റുകൾ പോലും പ്ലാറ്റ്ഫോമുകൾ നീക്കം ചെയ്യാൻ ഇത് കാരണമാകുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഈ പരിഷ്കാരങ്ങൾ ഉപഭോക്താക്കളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തിയുള്ളതാണെന്നും ഇത് യാതൊരു കാരണവശാലും സെൻസർഷിപ്പ് അല്ലെന്നും സർക്കാർ വ്യക്തമാക്കി.

