സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ ഭവനരഹിതനായി കഴിഞ്ഞിരുന്ന വ്യക്തിയെ ഓസ്‌ട്രേലിയയിൽ നിന്ന് പുറത്തേക്ക് അയക്കാൻ സർക്കാർ ഫണ്ട് ഉപയോഗിച്ച് വിമാനടിക്കറ്റ് എടുത്ത് നൽകിയ സംഭവം വിവാദമാകുന്നു. വഗ്ഗ വഗ്ഗയിലെ മുറുമ്പിഡ്ജി നദിക്കരയിൽ ടെന്റിൽ താമസിച്ചിരുന്ന 53 വയസ്സുകാരനായ മാർക്ക് ഹഡ്സണെ ന്യൂസിലാൻഡിലേക്ക് വിമാനമാർഗ്ഗം തിരിച്ചയക്കാനായി ‘ഹോംസ് എൻ.എസ്.ഡബ്ല്യു’ (Homes NSW) 1,797 ഡോളറാണ് ചെലവഴിച്ചത്. ഏകദേശം 18 വർഷമായി താൻ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നതെന്നും ഇവിടെത്തന്നെ തുടരാനാണ് ആഗ്രഹിച്ചതെന്നും ഹഡ്സൺ വ്യക്തമാക്കി.
രാജ്യം വിടാൻ അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദമുണ്ടായതായി ഹഡ്സൺ ആരോപിച്ചു. എന്നാൽ ഹഡ്സണ് സോഷ്യൽ ഹൗസിംഗിന് അർഹതയില്ലായിരുന്നുവെന്നും, ന്യൂസിലാൻഡിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നുമാണ് ഏജൻസിയുടെ വിശദീകരണം. എന്നാൽ പിന്നീട് ഓക്‌ലൻഡിലേക്കുള്ള വിമാനയാത്ര റദ്ദാക്കുകയും അദ്ദേഹത്തിന് ഇവിടെത്തന്നെ താമസസൗകര്യം വാഗ്ദാനം ചെയ്യുകയുമായിരുന്നു.
ഭവനരഹിതരുടെ പ്രശ്നങ്ങൾ, സർക്കാരിന്റെ മുൻഗണനകൾ, നികുതിപ്പണം ചെലവഴിക്കുന്ന രീതി എന്നിവയെക്കുറിച്ചുള്ള ശക്തമായ പൊതുചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിതുറന്നിട്ടുണ്ട്. സ്വന്തമായി താമസിക്കാൻ ഇടമില്ലാത്ത ഒരാൾക്ക് സുരക്ഷിതമായ അഭയം നൽകുന്നതിന് പകരം വിമാനടിക്കറ്റ് നൽകി നാടുകടത്താൻ ശ്രമിച്ച അധികൃതരുടെ നടപടിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

