ടൂണിസ്: ഇസ്താംബൂളിൽനിന്ന് ടുണീഷ്യയിലേക്ക് പോയ ടർക്കിഷ് എയർലൈൻസ് വിമാനം ലാൻഡിങ്ങിനിടെ ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ടുണീഷ്യയിലെ കാർത്തേജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം ശക്തമായി ആടിയുലഞ്ഞത്. സംഭവത്തിൽ യാത്രക്കാർ സുരക്ഷിതരാണെന്ന് റിപ്പോർട്ട്.
ലാൻഡിങ്ങിനായി വിമാനം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറക്കുന്നതിനിടെ കാലാവസ്ഥ മോശമാകുകയായിരുന്നു. തുടർന്ന് പൈലറ്റ് ശക്തമായ കാറ്റിനിടയിലൂടെ മൂന്ന് തവണ വിമാനം താഴെയിറക്കാൻ ശ്രമിച്ചു. മൂന്നാം ശ്രമത്തിനിടെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങിയതായി യാത്രക്കാരി മറീന മൈസ്കായ പങ്കുവച്ച ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങളിൽ വിമാനത്തിനുള്ളിൽ യാത്രക്കാർ പരിഭ്രാന്തരാകുന്നതും നിലവിളിക്കുന്നതും കാണാം. നാലാം തവണയും പ്രതികൂല കാലാവസ്ഥയിലൂടെ ലാൻഡിങ് നടത്തുന്നത് ഒഴിവാക്കി മറ്റൊരു വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
തുടർന്ന് ടുണീസിൽനിന്ന് ഏകദേശം 60 മൈൽ തെക്കുള്ള എൻഫിധ-ഹമ്മാമെറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിട്ടു. അവിടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കാൻ സഹായിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

