നോർക്ക പ്രവാസി ലീഗൽ എയ്ഡ് സെൽ: ഏഴ് രാജ്യങ്ങളിലേക്ക് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ കഴിയുന്ന മലയാളികൾക്ക് സൗജന്യ നിയമോപദേശം ഉറപ്പാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിലേക്ക് (PLAC) ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കുന്നു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), കുവൈറ്റ്, ഖത്തർ, ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ എന്നീ ഏഴ് രാജ്യങ്ങളിലെ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ അഭിഭാഷകരായി കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും പ്രവാസി മലയാളികളുടെ ക്ഷേമത്തിൽ താല്പര്യവുമുള്ളവർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് 2026 സെപ്റ്റംബർ 30-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് പ്രവൃത്തിദിനങ്ങളിൽ ഓഫീസ് സമയത്ത് 0471-2770540, 529 എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന്), +91-8802 012 345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ സർവീസ്) എന്നിവ വഴിയോ ബന്ധപ്പെടാം.

വിദേശ രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടും ചെറിയ കുറ്റകൃത്യങ്ങൾ കാരണവും അല്ലാതെയും അവിചാരിതമായി നിയമക്കുരുക്കുകളിൽ പെട്ടുപോകുന്ന പ്രവാസി മലയാളികളെ സഹായിക്കാനാണ് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി പ്രവാസി ലീഗൽ എയ്ഡ് സെൽ നടപ്പിലാക്കുന്നത്. വിവിധ കേസുകളിൽ നിയമോപദേശം നൽകുക, നഷ്ടപരിഹാരം, ദയാഹർജികൾ എന്നിവ സമർപ്പിക്കുന്നതിൽ സഹായിക്കുക, സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് നിയമ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിലുള്ള മൊഴിമാറ്റത്തിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക എന്നിവയ്ക്കായി അതത് രാജ്യങ്ങളിലെ മലയാളി അഭിഭാഷകരുടെ സേവനമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *