പാലക്കാട്: സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി പുനരുജ്ജീവിപ്പിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനും സമഗ്ര പരിഷ്കരണങ്ങൾ കൊണ്ടുവരുമെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. പുതിയ കാലഘട്ടത്തിനനുയോജ്യമായ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘സ്കിൽബിസ് – വൺ സ്കൂൾ, വൺ പ്രോഡക്റ്റ്/സർവീസ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടപ്പാടി പുതൂർ ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മാറുന്ന ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി വിഎച്ച്എസ്ഇ പാഠ്യപദ്ധതിയിലും ഘടനയിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റോബോട്ടിക്സ്, നിർമ്മിത ബുദ്ധി, ഡാറ്റാ അനലിറ്റിക്സ്, ലോജിസ്റ്റിക്സ് തുടങ്ങിയ നൂതന തൊഴിൽമേഖലകളിലേക്ക് വിഎച്ച്എസ്ഇ വിഭാഗവും കടന്നുചെല്ലേണ്ടതുണ്ട്. ഉപരിപഠന സാധ്യത നിലനിർത്തിക്കൊണ്ട് തന്നെ കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം പുതിയ കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്. വിഎച്ച്എസ്ഇയെ കൂടുതൽ വിദ്യാർഥിസൗഹൃദവും ആധുനികവുമാക്കാനുള്ള കൃത്യമായ രൂപരേഖ നിയോഗിക്കുന്ന സമിതി തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ഭാഗമായി പുതൂർ ഗവ. ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാസ്റ്റർ ഗാർഡനർ, ഫ്ലോറി കൾച്ചറിസ്റ്റ് കോഴ്സുകളുടെ ഭാഗമായി ഗോത്രകലയും പരിസ്ഥിതിസൗഹൃദ സമീപനങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയ ഇൻഡോർ ഓർണമെന്റൽ പ്ലാന്റ് നിർമാണ യൂണിറ്റിന്റെ ഉദ്ഘാടനവും ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു. പരിപാടിയോടനുബന്ധിച്ച് വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർഥി എം. ഗോകുൽ ഒരുക്കിയ ഫോട്ടോ പ്രദർശനവും ശ്രദ്ധേയമായി.

