തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. കാഞ്ഞിരംപാറ പെട്രോൾ പമ്പിന് സമീപം പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതിയിൽ പിന്നീട് ചില മാറ്റങ്ങൾ വന്നിരുന്നെങ്കിലും, കാലതാമസം ഒഴിവാക്കി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ആകെ 73.61 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ശാസ്തമംഗലം-മണ്ണറക്കോണം, തോപ്പുമുക്ക്-വട്ടിയൂർക്കാവ് റോഡ്, മണ്ണറക്കോണം-പേരൂർക്കട റോഡ്, മണ്ണറക്കോണം ജംഗ്ഷൻ വികസനം എന്നിവ ഉൾപ്പെട്ട 7.215 കിലോമീറ്റർ റോഡിന്റെ വികസനമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. പദ്ധതിയ്ക്കായി ഏറ്റെടുത്തിട്ടുള്ള സ്ഥലത്തെ റോഡിന്റെ ഇരുവശങ്ങളിലും ഓട, ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തി, കലുങ്ക് എന്നിവയുടെ നിർമാണവും വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ കണക്ഷനുകൾ മാറ്റി സ്ഥാപിക്കലുമാണ് ഇപ്പോൾ നടക്കുന്നത്.
ഇതിൽ കെ.എസ്.ഇ.ബിയുടെ ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 6.46 കോടി രൂപയും കേരള വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾക്കായി 6.93 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. നിലവിൽ 7 മുതൽ 10 മീറ്റർ വരെ മാത്രം വീതിയുള്ള റോഡുകളെ 18.5 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിലാണ് നവീകരിക്കുന്നത്.

