കാൻബറ: ഓസ്ട്രേലിയയിലെ താത്കാലിക കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്ന് വർഷത്തിനുള്ളിൽ ഏഴര ലക്ഷത്തിലധികം (750,000) പേരുടെ കുറവ് വരുത്താൻ ലക്ഷ്യമിട്ടുള്ള സമഗ്ര കുടിയേറ്റ നയം പ്രഖ്യാപിച്ച് പോളിൻ ഹാൻസന്റെ നേതൃത്വത്തിലുള്ള വൺ നേഷൻ പാർട്ടി. രാജ്യത്ത് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഭവന പ്രതിസന്ധിയും പരിഹരിക്കാൻ കുടിയേറ്റം വെട്ടിച്ചുരുക്കണമെന്ന നിലപാട് മുൻനിർത്തിയാണ് തീവ്ര വലതുപക്ഷ പാർട്ടിയുടെ പുതിയ നീക്കം.
വിദ്യാർത്ഥി വിസകളും ഗ്രാജ്വേറ്റ് വിസകളും വൻതോതിൽ വെട്ടിക്കുറയ്ക്കുക, ചില താത്കാലിക തൊഴിലാളികൾക്കുള്ള ഫാമിലി വിസകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക, അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്തി നടപടിയെടുക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. ഈ മൂന്ന് വർഷത്തെ നിയന്ത്രണങ്ങളിലൂടെ വിദേശ കുടിയേറ്റ നിരക്ക് നെറ്റ്-നെഗറ്റീവ് (Net-negative migration) ആക്കി മാറ്റുമെന്നും പാർട്ടി വ്യക്തമാക്കുന്നു. ഇതിനുശേഷം ദീർഘകാലാടിസ്ഥാനത്തിൽ പ്രതിവർഷം പരമാവധി 1,30,000 പേർക്കായി നെറ്റ് മൈഗ്രേഷൻ പരിമിതപ്പെടുത്താനാണ് പദ്ധതിയെന്ന് വൺ നേഷൻ നേതൃത്വം അറിയിച്ചു

