തിരുനെൽവേലി: വിനായക ചതുർത്ഥിക്ക് വേറിട്ട ഓഫർ നൽകുന്നതിനായി ഗണപതി ബിരിയാണി കഴിക്കുന്ന ചിത്രം പതിച്ച പരസ്യ ബോർഡ് സ്ഥാപിച്ച ബിരിയാണി കടയുടമ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ തിരുനെൽവേലി വി.എം. ഛത്രം മേഖലയിൽ പ്രവർത്തിക്കുന്ന ബിരിയാണി കടയുടെ ഉടമ ജയന്തിനെയാണ് (30) പോലീസ് കസ്റ്റഡിയിലെടുത്തത്. ‘അറബിക് സ്റ്റൈൽ 65 ബിരിയാണി 99 രൂപയ്ക്ക്’ എന്ന പ്രത്യേക ഓഫറിന്റെ പരസ്യ ബോർഡിലാണ് ഗണപതി ബിരിയാണി കഴിക്കുന്ന ചിത്രം ഉൾപ്പെടുത്തിയിരുന്നത്.
വിനായക ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിലേക്കായിരുന്നു കടയിൽ ഈ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദൈവത്തെ ബിരിയാണി കഴിക്കുന്ന രീതിയിൽ ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഫ്ലക്സ് ബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തതോടെയാണ് പോലീസ് നടപടിയുണ്ടായത്.

