തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹ്രസ്വകാല, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്കായി ശ്രമം തുടരുകയാണെന്നും വൈദ്യുതി നിയന്ത്രണം കുറച്ചുകൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
എൻടിപിസിയുമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയും ലഭ്യതയും പരിഗണിച്ച് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സെപ്റ്റംബർ 15 ലക്ഷ്യമിട്ടാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. കുറഞ്ഞ മഴ, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത്, ഉയർന്ന വൈദ്യുതി ഉപഭോഗം എന്നിവ പ്രതിസന്ധിക്ക് കാരണങ്ങളായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
റിപ്പോർട്ടർ ചാനൽ ഓഫീസിലെ എസ്‌ഐടി പരിശോധനയിലും മുഖ്യമന്ത്രി പ്രതികരിച്ചു. പരിശോധന എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമാണെന്നും വാർത്താ സംപ്രേഷണം തടസപ്പെടുത്തിയതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ അനുമതികൾ വേഗത്തിലാക്കാനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമായി ‘സരൾ കേരളം’ പദ്ധതി നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി 19 നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

