വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം; ഹിമാചൽപ്രദേശിൽ നിന്ന് 250 മെഗാവാട്ട് ലഭിക്കും

തിരുവനന്തപുരം: രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഹിമാചൽപ്രദേശിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഹിമാചൽപ്രദേശ് സർക്കാർ 250 മെഗാവാട്ട് വൈദ്യുതി നൽകാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

എഐസിസി ജനറൽ സെക്രട്ടറി കൂടിയായ എംപി കെ.സി. വേണുഗോപാൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് ഹിമാചൽപ്രദേശ് സർക്കാരുമായി ഇതുസംബന്ധിച്ച് ധാരണയായത്. നിലവിൽ ഹിമാചൽപ്രദേശിൽ നിന്ന് തമിഴ്നാടിന് ലഭിക്കുന്ന വൈദ്യുതിയുടെ വിഹിതത്തിൽ 250 മെഗാവാട്ട് കുറച്ച് കേരളത്തിന് നൽകാനാണ് ധാരണയെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഉയർന്നതും ജലലഭ്യത കുറഞ്ഞതിനെ തുടർന്ന് ജലവൈദ്യുതി ഉൽപാദനം കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായ പ്രധാന ഘടകങ്ങൾ. സെപ്റ്റംബർ ആദ്യ ദിവസങ്ങളിൽ രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിൽ ഗ്യാസ് അധിഷ്ഠിത വൈദ്യുതി ഉൽപാദനവും വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

250 മെഗാവാട്ട് അധിക വൈദ്യുതി ലഭിക്കുന്നത് കേരളത്തിന്റെ നിലവിലെ വൈദ്യുതി ക്ഷാമം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ സംസ്ഥാനത്തിന്റെ മുഴുവൻ വൈദ്യുതി ആവശ്യകതയും ഇതിലൂടെ പരിഹരിക്കപ്പെടില്ല.

Leave a Reply

Your email address will not be published. Required fields are marked *