മക്കയിൽ ആദ്യമായി വ്യോമാക്രമണ മുന്നറിയിപ്പ്; ഹൂതി ഡ്രോൺ തകർത്തതായി സൗദി

റിയാദ്: ഇസ്ലാമിക വിശുദ്ധ നഗരമായ മക്കയിൽ സൗദി അറേബ്യ ആദ്യമായി വ്യോമാക്രമണ ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെപ്റ്റംബർ 15ന് മക്ക, ജിദ്ദ, തായിഫ് മേഖലകളിൽ സൗദി സിവിൽ ഡിഫൻസ് ഹ്രസ്വകാല സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയെങ്കിലും പിന്നീട് അവ പിൻവലിച്ചു.

ഇതിനിടെ, മക്കയുടെ തെക്കുഭാഗത്ത് എത്തിയ ഹൂതി ഡ്രോൺ സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തതായി യെമനിലെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ഡ്രോൺ മക്കയുടെ നിരോധിത വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് തടഞ്ഞതെന്നാണ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചത്.

മക്കയിലേക്ക് ഹൂതികളുടെ ഭാഗത്തുനിന്നുണ്ടായ രണ്ടാമത്തെ ആക്രമണശ്രമമാണിതെന്നാണ് സൗദി സഖ്യസേനയുടെ വിശദീകരണം. 2017 ജൂലൈയിൽ മക്ക ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച സംഭവവും സഖ്യസേന ചൂണ്ടിക്കാട്ടി. വിശുദ്ധ പള്ളികളുടെയും തീർഥാടകരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അൽ മാലികി വ്യക്തമാക്കി.

അതേസമയം, മക്കയെ ലക്ഷ്യമിട്ടാണ് ഡ്രോൺ അയച്ചതെന്ന സൗദി ആരോപണം ഹൂതി വക്താക്കൾ നിഷേധിച്ചു. മക്കയെ ലക്ഷ്യമിട്ടിട്ടില്ലെന്നും സൗദിയുടെ ആരോപണം തെറ്റാണെന്നുമാണ് ഹൂതി വിഭാഗത്തിന്റെ പ്രതികരണം.

സൗദിക്കെതിരെ ഹൂതികൾ കഴിഞ്ഞ ദിവസങ്ങളിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നിരവധി ആക്രമണങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ മുന്നറിയിപ്പുകൾ. സെപ്റ്റംബർ 14ലെ ആക്രമണങ്ങളിൽ സൗദിയിൽ 13 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *