ടോക്കിയോ: തകരാറിലാകുന്ന ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് സ്ഥലത്തെത്തി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനായി ജപ്പാനിൽ ‘റോബോട്ട് ആംബുലൻസ്’ അവതരിപ്പിച്ചു. ജാപ്പനീസ് ടെക് കമ്പനിയായ GMO Air ആണ് പുതിയ സംവിധാനത്തിന് പിന്നിൽ. റോബോട്ടുകൾ കൂടുതൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ അടിയന്തരമായി സേവനം നൽകുകയാണ് ലക്ഷ്യം.
ഹ്യൂമനോയിഡ് റോബോട്ടുകൾ ജോലി ചെയ്യുന്നതിനിടെ വീഴുകയോ സെൻസറുകൾക്കും മറ്റ് ഘടകങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാം. ബാറ്ററി, ആശയവിനിമയം, സോഫ്റ്റ്‌വെയർ തുടങ്ങിയവയിലും തകരാറുണ്ടാകാം. കേടായ റോബോട്ടിനെ അറ്റകുറ്റപ്പണിക്കായി കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത് സമയവും ചെലവും വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് മൊബൈൽ സേവനം ഒരുക്കിയിരിക്കുന്നത്.
റോബോട്ട് ആംബുലൻസിൽ എൻജിനീയർമാർക്കും അറ്റകുറ്റപ്പണിക്കുള്ള ഉപകരണങ്ങൾക്കും ആവശ്യമായ സ്പെയർ പാർട്സുകൾക്കും സൗകര്യമുണ്ടാകും. തകരാർ സംബന്ധിച്ച അടിയന്തര സന്ദേശം ലഭിച്ചാൽ സംഘം സ്ഥലത്തെത്തി വയർലെസ് സംവിധാനങ്ങളിലൂടെ റോബോട്ടിന്റെ സിസ്റ്റം പരിശോധിക്കും. ഹാർഡ്‌വെയർ തകരാറുകളോ സോഫ്റ്റ്‌വെയർ പ്രശ്നങ്ങളോ കണ്ടെത്തിയ ശേഷം ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തും.
അറ്റകുറ്റപ്പണിക്ക് ശേഷം റോബോട്ടിന്റെ ബാലൻസ് സംവിധാനങ്ങളും ചലന നിയന്ത്രണ സംവിധാനങ്ങളും വീണ്ടും ക്രമീകരിച്ച ശേഷമാണ് പ്രവർത്തനത്തിലേക്ക് തിരിച്ചയക്കുക. ചില സാഹചര്യങ്ങളിൽ കേടായ റോബോട്ടിന് പകരം മറ്റൊരു ഹ്യൂമനോയിഡ് റോബോട്ടിനെ സ്ഥലത്തെത്തിച്ച് പ്രവർത്തനം തുടരാനും സംവിധാനത്തിന് കഴിയും.
നിലവിൽ GMO Air-ന്റെ ടോക്കിയോ ആസ്ഥാനത്ത് ഒരു റോബോട്ട് ആംബുലൻസ് മാത്രമാണുള്ളത്. ടോക്കിയോയിലെ റോഡുകളിൽ ഇത്തരം മൊബൈൽ സേവനം വ്യാപിപ്പിക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്. ഹ്യൂമനോയിഡ് റോബോട്ടുകളുടെ ഉപയോഗം വർധിക്കുന്നതിനനുസരിച്ച് ഇത്തരമൊരു സേവനത്തിന് ആവശ്യകത ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

