കോട്ടയം: ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷയും 30,84,892 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി. ശിക്ഷ മൂന്നുവർഷത്തിൽ കൂടുതലായതിനാൽ അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയേക്കും. 2003 ജനുവരി മുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗിക കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്. അന്വേഷണത്തിൽ വരവിൽക്കവിഞ്ഞ് 135.80 ശതമാനം സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
2013-ൽ കുറ്റപത്രം നൽകിയ കേസിൽ, സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) കെ.വി. രജനീഷാണ് വിധി പ്രസ്താവിച്ചത്. ബോബി കുരുവിള നൽകിയ പരാതിയിലായിരുന്നു അന്വേഷണം. ആഭ്യന്തരവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി അടക്കമുള്ള പ്രോസിക്യൂഷൻ സാക്ഷികളെയും, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡി.ജി.പി., ഇൻകംടാക്സ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി തുടങ്ങിയ പ്രതിഭാഗം സാക്ഷികളെയും കോടതി വിസ്തരിച്ചു.
സ്വത്തുക്കൾ കുടുംബവിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്ന് കാണിച്ച് തച്ചങ്കരി സമർപ്പിച്ച വിടുതൽ ഹർജി കോടതി നേരത്തേ തള്ളിയിരുന്നു. വിചാരണ വേളയിൽ മൂന്ന് നക്ഷത്രചിഹ്നം പതിച്ച ഔദ്യോഗിക ബോർഡ് വെച്ച സ്വകാര്യ കാറിൽ കോടതിയിലെത്തിയത് വിവാദമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ശ്രീകാന്ത് ഹാജരായി

