വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രമുഖ എൻ.ഡി.എ നേതാക്കൾ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഒത്തുചേർന്ന് പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ തുടങ്ങിയ പ്രമുഖ നേതാക്കളാണ് ദർശനത്തിനെത്തിയത്. രാജ്യത്തിന്റെ വികസനത്തിനും പ്രധാനമന്ത്രിയുടെ ആയുരാരോഗ്യ സൗഖ്യത്തിനുമായി പ്രാർത്ഥിച്ച നേതാക്കൾ, ലളിതാ ഘട്ടിൽ നിന്ന് ഗംഗാതീർത്ഥം ശേഖരിച്ചാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. ജന്മദിനത്തോടനുബന്ധിച്ച് 76 കിലോ തൂക്കം വരുന്ന പ്രത്യേക ലാഡു ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യുകയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പൊതുജീവിതത്തിലെ 25 വർഷങ്ങൾ പൂർത്തിയാകുന്ന വേള കൂടിയായതിനാൽ വൻ ആഘോഷ പരിപാടികളാണ് വാരാണസിയിൽ സംഘടിപ്പിച്ചിരിക്കുന്നത്.
ക്ഷേത്ര ദർശനത്തിന് ശേഷം രുദ്രാക്ഷ് കൺവെൻഷൻ സെന്ററിൽ വെച്ച് കാശിയിൽ നിന്ന് പ്രധാനമന്ത്രിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ വഡ്നഗറിലേക്ക് പോകുന്ന ‘സേവാ സങ്കൽപ്’ ബൈക്ക് റാലി നേതാക്കൾ ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യവ്യാപകമായി ബി.ജെ.പി നടപ്പിലാക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാന്റെ’ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചത്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നടീൽ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളും രാജ്യത്തുടനീളം പുരോഗമിക്കുകയാണ്.

