നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് രണ്ടുദിവസം മുൻപേ ഇന്ത്യയുടെ മെഡൽ പോരാട്ടങ്ങൾക്ക് തുടക്കമായി. പുതിയ കായിക ഇനമായ ടെക്ബോളിലൂടെയാണ് (Teqball) ഇന്ത്യ ഇന്ന് മത്സരങ്ങൾ ആരംഭിക്കുന്നത്. മുൻ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ വിജയികളായ ഡെക്ലാൻ മാർഷൽ ഗോൺസാൽവസ്, മുഹമ്മദ് അനസ് ഇമ്രാൻ ബെഗ് എന്നിവരടങ്ങുന്ന പുരുഷ ഡബിൾസ് സഖ്യത്തിലാണ് രാജ്യത്തിന്റെ പ്രധാന മെഡൽ പ്രതീക്ഷ. ഇവർക്ക് പുറമെ വനിതാ സിംഗിൾസിലും മിക്സഡ് ഡബിൾസിലുമായി ക്വിംസി ഡിസൂസയും രാജ്യത്തെ പ്രതിനിധീകരിച്ച് കോർട്ടിലിറങ്ങുന്നുണ്ട്.
പുരുഷ ഡബിൾസിൽ ഗ്രൂപ്പ് ബിയിലാണ് ഇന്ത്യൻ ജോഡികൾ മത്സരിക്കുന്നത്. ആദ്യ പോരാട്ടത്തിൽ വിയറ്റ്നാമിന്റെ ട്രൂങ് ജിയാങ് ബാ – അൻ ഖോവാ ലി സഖ്യത്തെയാണ് ഇന്ത്യ നേരിടുന്നത്. തുടർന്ന് ഉച്ചയ്ക്ക് 1.00 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയുടെ ജുൻസൂക് ലീ – തേബീൻ ലീ സഖ്യവുമായും ഇന്ത്യ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തിലൂടെ നേരിട്ടോ റീപെചാജ് റൗണ്ട് വഴിയോ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ താരങ്ങൾ.

