ഗുരുഗ്രാം: ഗുരുഗ്രാമിലെ തങ്ങളുടെ ആഗോള ടെക് ഹബ്ബിൽ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട് പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ്. മൊത്തം ജീവനക്കാരുടെ 50 ശതമാനത്തോളം പേരെ ബാധിക്കുന്ന നടപടിയിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ എന്നിവർക്കാണ് പ്രധാനമായും തൊഴിൽ നഷ്ടപ്പെടുന്നത്. മാറുന്ന ബിസിനസ് സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തന മാതൃക പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബർ 15-ന് നടന്ന ടൗൺഹാൾ യോഗത്തിലാണ് പിരിച്ചുവിടൽ വിവരം ജീവനക്കാരെ ഔദ്യോഗികമായി അറിയിച്ചത്. ബാധിക്കപ്പെട്ടവരെ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. ഒരു വിഭാഗത്തിന് അന്നുതന്നെ എക്സിറ്റ് ലെറ്ററുകൾ നൽകിയപ്പോൾ, മറ്റൊരു വിഭാഗത്തോട് ഡിസംബർ വരെ ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ മറ്റ് ആഗോള ടെക് ഹബ്ബുകളിലെ സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറാനും കമ്പനിക്കുള്ളിൽ മറ്റ് തൊഴിലവസരങ്ങൾ കണ്ടെത്താനുമാണ് ഇവർക്ക് സമയം നൽകിയിരിക്കുന്നത്.
ഡിസംബർ 15-നകം മറ്റ് തസ്തികകൾ കണ്ടെത്താനാകാത്ത ജീവനക്കാരുടെ അവസാന ജോലി ദിനം അന്നായിരിക്കുമെന്നാണ് വിവരം. പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാർക്ക് ആവശ്യമായ പിന്തുണ നൽകുമെന്ന് അഡിഡാസ് അറിയിച്ചിട്ടുണ്ട്. മാർക്കറ്റിംഗ് വിഭാഗത്തിന് പുറമെ ഗ്ലോബൽ എൻജിനീയറിങ് ടെക് ഹബ്ബും പ്രവർത്തിക്കുന്ന ഗുരുഗ്രാം കേന്ദ്രത്തിന് പുറമെ, അടുത്തിടെ ചെന്നൈയിൽ ഗ്ലോബൽ ബിസിനസ് സർവീസസ് സെന്റർ തുറന്നുകൊണ്ട് അഡിഡാസ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ചിരുന്നു.

