റോയൽ അഡ്‌ലെയ്ഡ് ഷോയിൽ കളിപ്പാട്ടം പൊട്ടിത്തെറിച്ച് അജ്ഞാത ദ്രാവകം മുഖത്തേക്ക് തെറിച്ചു; പത്ത് വയസ്സുകാരൻ ആശുപത്രിയിൽ

അഡ്‌ലെയ്ഡ്: പ്രശസ്തമായ റോയൽ അഡ്‌ലെയ്ഡ് ഷോയിൽ വെച്ച് സ്‌ക്വിഷി ടോയ് (Squishy toy) പൊട്ടിത്തെറിച്ച് മുഖത്ത് അജ്ഞാത ദ്രാവകം വീണ് പത്ത് വയസ്സുകാരൻ ആശുപത്രിയിലായി. ഷോയിലെ ഒരു സ്റ്റാളിൽ വെച്ച് മേസൺ എന്ന കുട്ടി കളിപ്പാട്ടം കയ്യിലെടുത്ത് കളിക്കുന്നതിനിടെയാണ് ഇത് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. കളിപ്പാട്ടത്തിനുള്ളിലുണ്ടായിരുന്ന അജ്ഞാത പദാർത്ഥം കുട്ടിയുടെ കണ്ണിലും മൂക്കിലും വായയിലും മുടിയിലുമെല്ലാം ശക്തമായി തെറിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കുട്ടിക്ക് കടുത്ത ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ കളിപ്പാട്ടത്തിന്റെ പാക്കേജിംഗോ പ്രൊഡക്റ്റ് കോഡോ അല്ലെങ്കിൽ ഇതിനുള്ളിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ നൽകാൻ സ്റ്റാൾ ഉടമയ്ക്ക് സാധിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചെങ്കിലും ചുമ തുടരുന്നതിനാൽ പദാർത്ഥം ശ്വാസകോശത്തിൽ എത്തിയിട്ടുണ്ടോ എന്നറിയാൻ തുടർപരിശോധനകൾ നടത്താനൊരുങ്ങുകയാണ് കുടുംബം.

ഗുണനിലവാരമില്ലാത്തതും വ്യാജവുമായ ഇത്തരം കളിപ്പാട്ടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തിയിരിക്കുന്നത്. വ്യക്തമായ വിവരങ്ങളോ ലേബലോ ഇല്ലാത്തതോ പൊട്ടാൻ സാധ്യതയുള്ളതോ ആയ കളിപ്പാട്ടങ്ങൾ കുട്ടികളിൽ നിന്ന് മാറ്റിനിർത്തണമെന്നും, അത്തരം സാഹചര്യങ്ങളിൽ സമ്പർക്കമുണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *