അഞ്ച് ആഴ്ച പ്രായമുള്ള സ്വന്തം കുഞ്ഞിനെ മർദിച്ച കേസിൽ, വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ് ഉദ്യോഗസ്ഥൻ കുറ്റസമ്മതം നടത്തി

പെർത്ത്: അഞ്ച് ആഴ്ച മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മർദിച്ച കേസിൽ സർവീസിലുള്ള വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ് ഉദ്യോഗസ്ഥൻ കുറ്റം സമ്മതിച്ചു. മുപ്പതുകാരനായ നിക്കോളാസ് വെയ്ൻ പീക്കാണ് മിഡ്‌ലാൻഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി കുറ്റകൃത്യം സമ്മതിച്ചത്. ഇയാൾക്കെതിരെ ഗുരുതരമായ പൊതുമർദനത്തിനാണ് (Aggravated common assault) കുറ്റം ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തെത്തുടർന്ന് ചൈൽഡ് അബ്യൂസ് സ്ക്വാഡ് ഡിറ്റക്ടീവുകളാണ് കേസ് രജിസ്റ്റർ ചെയ്തതും നടപടികൾ സ്വീകരിച്ചതും. ആക്രമണത്തിന് ഇരയായ നവജാതശിശുവിനെ മുൻകരുതൽ നടപടിയെന്ന നിലയിൽ പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെത്തുടർന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ് സേനയിൽ നിന്ന് നിക്കോളാസ് വെയ്ൻ പീക്കിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി. നിലവിൽ ജാമ്യത്തിൽ വിട്ടയക്കപ്പെട്ട പ്രതി അടുത്ത മാസം വീണ്ടും കോടതിയിൽ ഹാജരാകേണ്ടതുണ്ട്. സ്വന്തം സുരക്ഷയ്ക്ക് പൂർണ്ണമായും മുതിർന്നവരെ ആശ്രയിക്കുന്ന നിസ്സഹായരായ നവജാതശിശുക്കൾക്കെതിരായ അതിക്രമങ്ങളിൽ ഉദ്യോഗസ്ഥർക്ക് യാതൊരുവിധ പ്രത്യേക പരിഗണനയും ലഭിക്കില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *