ഹൊബാർട്ട്: പത്തൊൻപതാം നൂറ്റാണ്ടിലെ അപൂർവ ഇനങ്ങൾ ഉൾപ്പെടെ നൂറ്റിനാല്പതിലധികം പൈതൃക ആപ്പിൾ മരങ്ങൾക്ക് പുനർജീവൻ നൽകി ടാസ്മാനിയ. ലോൺസെസ്റ്റണിലെ ടാസ്മാനിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറിലുള്ള (TIA) പൈതൃക പട്ടികയിൽ ഉൾപ്പെട്ട ആപ്പിൾ തോട്ടമാണ് ശാസ്ത്രജ്ഞരുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ്മയിൽ വീണ്ടെടുക്കുന്നത്. വിപണിയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അപൂർവ ആപ്പിൾ ഇനങ്ങൾ കാലക്രമേണ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകാതിരിക്കാനാണ് ഈ സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിക്കായി ടാസ്മാനിയൻ സർക്കാരാണ് നൂറ്റിനാല്പതിലധികം പൈതൃക ആപ്പിൾ മരങ്ങൾ ലഭ്യമാക്കിയത്. ഇതിൽ ചില മരങ്ങൾ 1800-കളുടെ ചരിത്രമുള്ളവയാണ്. ഇതിനുപുറമെ ഹ്യൂവൻ വാലിയിൽ (Huon Valley) നിന്ന് കണ്ടെത്തിയ മറ്റൊരു 11 അപൂർവ ഇനങ്ങളും തോട്ടത്തിലേക്ക് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഡെലീഷ്യസ് റോയ്ഡൻ റെഡ് (Delicious Royden Red), ബ്രയന്റ് ഗ്രേവൻസ്റ്റീൻ (Bryant Gravenstein), യോകോ (Yoko), ഫ്യൂജി ഒഗുര (Fuji Ogura) തുടങ്ങിയ വിപണിയിൽ എളുപ്പത്തിൽ കാണാനാകാത്ത സവിശേഷ ആപ്പിൾ ഇനങ്ങളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ 20 മില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച അത്യാധുനിക ഗ്രോ ഫെസിലിറ്റിക്ക് സമീപമാണ് പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കുന്നത്. ടാസ്മാനിയയുടെ തനതായ ഭക്ഷ്യ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം, സസ്യഗവേഷകർക്ക് വിലപ്പെട്ട ഒരു ‘ജീവിക്കുന്ന ജനിതക ബാങ്കായും’ (Living genetic bank) ഈ പൈതൃക തോട്ടം ഭാവിയിൽ പ്രയോജനപ്പെടും.

