തൊടുപുഴ: കുമാരമംഗലത്ത് യുവാവിനെ കാർ തടഞ്ഞുനിർത്തി വടിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അക്രമികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ആംബുലൻസ് പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ കുറുപ്പുംപടി ടൗണിലെ വർക്ക്ഷോപ്പിന് മുൻപിൽ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. സംശയാസ്പദമായ രീതിയിൽ ആംബുലൻസ് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. വാഹനത്തിനുള്ളിലെ സ്പോർട്സ് ബാഗിൽ ഒളിപ്പിച്ച നിലയിൽ നാല് വടിവാളുകളും കണ്ടെത്തി. തുടർന്ന് തൊടുപുഴ പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.
കുമാരമംഗലം ഉരിയരിക്കുന്ന് കരിക്കുംതോട്ടത്തിൽ സെനിത്ത് കെ. ശിവനാണ് (34) ഗുണ്ടാ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഒന്നാം പ്രതിയായ രതീഷിന് സെനിത്തിനോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. കുമാരമംഗലം ഉരിയരിക്കുന്നു കുരിശ് ഭാഗത്ത് സെനിത്തിന്റെ വീട്ടിലേക്ക് പോകുന്ന ഏഴല്ലൂർ ഷാപ്പ് റോഡിൽ വെച്ചായിരുന്നു സംഭവം. സെനിത്തും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും പിക്കപ്പും മറ്റൊരു കാറും ഉപയോഗിച്ച് ഇടിപ്പിച്ച് തടയുകയായിരുന്നു.
തുടർന്ന് പ്രതികളായ രതീഷ്, സജിൻ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരും ചേർന്ന് കാറിന്റെ ചില്ലുകൾ തകർത്തു. രതീഷ് സെനിത്തിനെ വടിവാൾ കൊണ്ട് വെട്ടുകയും കാറിന്റെ ഡോർ തുറന്ന് വയറിന്റെ വലതുഭാഗത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി മർദ്ദിക്കുകയും ചെയ്തു. പരിക്കേറ്റവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കേസിൽ ആകെ അഞ്ച് പ്രതികളാണുള്ളതെന്നും ഇതിൽ രതീഷ്, സജിൻ എന്നിവരെ തിരിച്ചറിഞ്ഞതായും തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ് അറിയിച്ചു. എല്ലാ പ്രതികളെയും ഉടൻ പിടികൂടാനായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.

