ആലപ്പുഴ: ആന്തരികാവയവങ്ങൾ വിപരീത ദിശയിൽ സ്ഥിതിചെയ്യുന്ന ജന്മനായുള്ള അപൂർവ ശാരീരികാവസ്ഥയുള്ള (സിറ്റസ് ഇൻവേഴ്സസ് ടോട്ടാലിസ്) 25-കാരിക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി അപൂർവ ശസ്ത്രക്രിയ നടത്തി. സാധാരണ മനുഷ്യരിൽ ശരീരത്തിന്റെ ഇടതുവശത്തുള്ള ഹൃദയമുൾപ്പെടെയുള്ള അവയവങ്ങൾ വലതുഭാഗത്തേക്കും, വലതുവശത്തുള്ള കരളും പിത്തസഞ്ചിയും ഇടതുഭാഗത്തേക്കും മാറിയിരിക്കുന്ന സങ്കീർണ്ണാവസ്ഥയിലായിരുന്നു യുവതി. ലോകത്ത് ഇത്തരത്തിലുള്ള ശസ്ത്രക്രിയകൾ ഇതുവരെ ഇരുനൂറെണ്ണം മാത്രമേ നടന്നിട്ടുള്ളൂ.
വയറിന്റെ ഇടതുവശത്ത് മുകൾഭാഗത്തായി അനുഭവപ്പെട്ട കഠിനമായ വേദനയെത്തുടർന്നാണ് യുവതി സർജറി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. മരുന്നുകൾ കഴിച്ചിട്ടും വേദന കുറയാതിരുന്നതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പിത്തസഞ്ചിയിലെ കല്ലുകളാണ് രോഗകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് സർജറി വിഭാഗം എസ്.2 യൂണിറ്റ് ചീഫ് ഡോ. രാംലാൽ, ലാപ്രോസ്കോപ്പിക് സർജൻ ഡോ. സൈദ് അഫ്സൽ എന്നിവർ രോഗിയെ വിശദമായി പരിശോധിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.
ലാപ്രോസ്കോപ്പിക് സർജൻ ഡോ. സൈദ് അഫ്സലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഡോ. വീണ, ഡോ. ബിബി മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഡോ. നീന, ഡോ. ആർഷ, ഡോ. നിമിഷ എന്നിവരടങ്ങിയ സംഘം സുരക്ഷിതമായി അനസ്തേഷ്യ നൽകി. സർജറി വിഭാഗം എസ്.2 യൂണിറ്റ് ചീഫ് ഡോ. രാംലാൽ, ഡോ. അരവിന്ദ്, ഡോ. നീതു, ഡോ. ശ്രീജൻ, നേഴ്സുമാരായ മേരി, ലത, റെജില, സപ്പോർട്ട് സ്റ്റാഫ് സന്ധ്യ എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മി ആവശ്യമായ ഭരണപരമായ സഹായങ്ങളെത്തിച്ചു.
വൻകിട സ്വകാര്യ ആശുപത്രികളിൽ അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ഈ സങ്കീർണ്ണ ശസ്ത്രക്രിയ, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർക്കാരിന്റെ കാസ്പ് (KASP) പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണ്ണമായും സൗജന്യമായാണ് ചെയ്തതെന്ന് സൂപ്രണ്ട് ഡോ. ലക്ഷ്മി അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനെത്തുടർന്ന് യുവതി ആശുപത്രി വിടുകയും നിലവിൽ പൂർണ്ണമായി സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.

