കട്ടപ്പന: തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്ന് കട്ടപ്പന നഗരസഭാ പരിധിയിലെ വിവിധ സിനിമാ തിയേറ്ററുകളിൽ അധികൃതർ മിന്നൽ പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി നടക്കുന്ന നടപടികളുടെ ഭാഗമായി ഇടുക്കി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, പോലീസ് വകുപ്പുകളുമായി ചേർന്നായിരുന്നു സംയുക്ത പരിശോധന.
പരിശോധനയിൽ തിയേറ്ററുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഉൽപ്പന്നങ്ങളുടെ അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്താതെ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചതിനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസില്ലാതെ പ്രവർത്തിച്ചതിനും, ഉപഭോക്താക്കൾക്ക് ബില്ല് നൽകാതെ വിൽപന നടത്തിയതിനും സിവില്‍ സപ്ലൈസ് വകുപ്പ് നോട്ടീസ് നൽകി. അളവിൽ കുറച്ച് കാപ്പി വിൽപന നടത്തിയതിന് ലീഗൽ മെട്രോളജി വകുപ്പ് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.


ഇടുക്കി ജില്ലാ സപ്ലൈ ഓഫീസർ ജി. ബീന ഭദ്രൻ, താലൂക്ക് സപ്ലൈ ഓഫീസർ സജിമോൻ ജേക്കബ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കെ.എ. അബ്ദുള്ള, പോലീസ് സബ് ഇൻസ്‌പെക്ടർ സുനിൽ മാത്യു എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വ്യാപാരികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ വ്യക്തമാക്കി.

