ഹിജാബ് ധരിച്ച് തോക്കേന്തി വനിതകൾ; ഇറാനിൽ വൻ റാലി, സൈനിക പരിശീലനത്തിന് 6 ലക്ഷം പേർ രജിസ്റ്റർ ചെയ്തു

ടെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെയുള്ള യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യരക്ഷയ്ക്കായി സന്നദ്ധപ്രവർത്തകരെ അണിനിരത്തി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ കൂറ്റൻ റാലി. സർക്കാർ ആഹ്വാനം ചെയ്ത ‘ജൻഫദ’ (സെക്രിഫൈസ് ഫോർ ഇറാൻ) കാമ്പെയ്‌ന്റെ ഭാഗമായി ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് തെരുവിൽ അണിനിരന്നത്. പരിമിതമായ സൈനിക പരിശീലനം നേടി രാജ്യത്തെ പ്രതിരോധിക്കാൻ സന്നദ്ധരാകാൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഈ പ്രകടനം.

ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ സർക്കാർ അനുകൂല റാലികളിലൊന്നാണിത്. യു.എസ്. ഉപരോധങ്ങളും തുറമുഖങ്ങളിലെ നാവിക ഉപരോധവും കാരണം സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിൽ ദേശീയ ഐക്യം പ്രഖ്യാപിക്കുകയാണ് ഇറാൻ നേതൃത്വം ഇതിലൂടെ ലക്ഷ്യമിടുന്നത്. സൈനിക വേഷം ധരിച്ചും ദേശീയ പതാകകൾ ഏന്തിയും എത്തിയ ജനങ്ങൾക്കൊപ്പം, ട്രക്ക് മൗണ്ടഡ് മെഷീൻ ഗണ്ണുകൾക്ക് സമീപം തോക്കുകളുമായി നിലയുറപ്പിച്ച റിവല്യൂഷണറി ഗാർഡിന്റെ വനിതാ അംഗങ്ങളും ശ്രദ്ധേയ സാന്നിധ്യമായി.

രാജ്യത്തിന്റെ പ്രതിരോധത്തിനായി ആൾട്ടർനേറ്റീവ് സെക്യൂരിറ്റി ലെയർ ആയി പ്രവർത്തിക്കാൻ ഇതുവരെ ആറ് ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ടെഹ്‌റാൻ ഐ.ആർ.ജി.സി. മേധാവി ജനറൽ ഹസൻ ഹസൻസാദെ വ്യക്തമാക്കി. വരുംദിവസങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾക്ക് പരിശീലനം നൽകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളെ തെല്ലും ഭയപ്പെടുന്നില്ലെന്ന് റാലിയിൽ പങ്കെടുത്ത മാർഷിയ അഫാഗി എന്ന യുവതി പ്രതികരിച്ചു. വിദേശ സൈനിക സമ്മർദ്ദങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പ്രകടനം, സായുധ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തവും ജനങ്ങളെ സുരക്ഷാ സംവിധാനങ്ങളിലേക്ക് ഏകോപിപ്പിക്കാനുള്ള സർക്കാരിന്റെ ശേഷിയും വ്യക്തമാക്കുന്നതായി.

Leave a Reply

Your email address will not be published. Required fields are marked *