ബധിരയും മൂകയുമായ വൃദ്ധയുടെ വീട്ടിൽ വെളിച്ചമെത്തിച്ചു; മാതൃകയായി പെരുവ കെ.എസ്.ഇ.ബി ജീവനക്കാർ

പെരുവ: ബധിരയും മൂകയുമായ 72-കാരിക്ക് വീട് വയറിംഗ് ചെയ്ത് തികച്ചും സൗജന്യമായി വൈദ്യുതി കണക്ഷൻ നൽകി കെ.എസ്.ഇ.ബി പെരുവ സെക്ഷൻ ഓഫീസ് ജീവനക്കാർ മാതൃകയായി. കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്ത് ഒൻപതാം വാർഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന അമ്മിണിയുടെ വീട്ടിലാണ് ജീവനക്കാരുടെ കാരുണ്യത്തിൽ വൈദ്യുതിവെളിച്ചമെത്തിയത്.

അമ്മിണിയുടെ വീട്ടിൽ സ്വന്തം ചെലവിൽ വയറിംഗ് പൂർത്തിയാക്കിയ ജീവനക്കാർ, ലൈറ്റുകളും ഫാനും ഘടിപ്പിച്ചു നൽകി. കൂടാതെ ഒരു പുതിയ പോസ്റ്റ് ഉൾപ്പെടെ സ്ഥാപിച്ചാണ് വൈദ്യുതി കണക്ഷൻ ലഭ്യമാക്കിയത്. വയറിംഗിനാവശ്യമായ മുഴുവൻ തുകയും ജീവനക്കാർ തന്നെയാണ് വഹിച്ചത്.

വൈദ്യുതീകരണത്തിന്റെ സ്വിച്ചോൺ കർമ്മം പെരുവ സെക്ഷൻ ഓഫീസ് അസിസ്റ്റന്റ് എൻജിനീയർ സ്മിത കെ.വി. നിർവഹിച്ചു. കഴിഞ്ഞ വർഷവും നിർധനയായ ഒരു വനിതയുടെ ഒറ്റമുറി വീട് വയറിംഗ് ചെയ്ത് കണക്ഷൻ നൽകി പെരുവ സെക്ഷൻ ഓഫീസിലെ ജീവനക്കാർ സമാനമായ രീതിയിൽ മാതൃക കാട്ടിയിരുന്നു. ജീവനക്കാരുടെ ഈ സുമനസ്സിന് നാട്ടുകാരുടെ ഭാഗത്തുനിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *