ന്യൂഡൽഹി: അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി കടൽത്തീരങ്ങളിൽ വിപുലമായ ശുചീകരണ യജ്ഞം നടന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ’ കാമ്പെയ്ന്റെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങളിലെ കടൽത്തീരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
സമുദ്രതീരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുക, സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്നിവ ലക്ഷ്യമിട്ടാണ് യജ്ഞം നടത്തിയത്. വിവിധ സന്നദ്ധ സംഘടനകൾ, വിദ്യാർഥികൾ, തീരദേശവാസികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വൻ ജനപങ്കാളിത്തത്തോടെയായിരുന്നു രാജ്യത്തെ പ്രധാന തീരപ്രദേശങ്ങളിൽ ശുചീകരണ പരിപാടികൾ പൂർത്തിയാക്കിയത്.

