ബ്രിസ്ബേൻ: ബ്രിസ്ബേനിൽ വീടിന്റെ മേൽക്കൂരയ്ക്കുള്ളിലെ അറയിൽ ഒളിച്ചിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനാല സ്വദേശികളായ പതിനെട്ടും പത്തൊൻപതും വയസ്സുള്ള യുവാക്കൾക്കെതിരെ മോഷണവും ഭവനഭേദനവും ഉൾപ്പെടെ ആകെ 81 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 18 വയസ്സുകാരനെതിരെ 35 കുറ്റങ്ങളും 19 വയസ്സുകാരനെതിരെ 46 കുറ്റങ്ങളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വീടുകൾ കുത്തിത്തുറക്കൽ, വാഹന മോഷണം, ആക്രമണം, ആയുധങ്ങളുമായി അതിക്രമിച്ചു കയറൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ബ്രിസ്ബേൻ, മോർട്ടൻ ബേ മേഖലകളിലാകെ വ്യാപിച്ചുകിടക്കുന്നതാണ് ഇവരുടെ കുറ്റകൃത്യങ്ങളെന്ന് പൊലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥർ മേൽക്കൂരയിലേക്ക് കയറി പ്രതികളെ കണ്ടെത്തുന്നതിന്റെ ബോഡികാം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിലായ ഇരുവർക്കും കോടതി ജാമ്യം നിഷേധിച്ചു. നിയമപരമായി പ്രായപൂർത്തിയായവരാണ് പിടിയിലായ പ്രതികൾ. അതേസമയം, കൗമാരപ്രായക്കാർ ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾക്കും മുതിർന്നവർക്കുള്ള ശിക്ഷ നൽകുന്ന ‘അഡൾട്ട് ക്രൈം, അഡൾട്ട് ടൈം’ നിയമം ക്വീൻസ്ലൻഡിൽ നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ, തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ പ്രായപരിധിയില്ലാതെ കൂടുതൽ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കണമോ അതോ നിലവിലെ നിയമങ്ങൾ പര്യാപ്തമാണോ എന്നതിനെച്ചൊല്ലിയുള്ള ചർച്ചകളും ഇതോടെ സജീവമായിട്ടുണ്ട്.
വീടിന്റെ മേൽക്കൂരയ്ക്കുള്ളിൽ ഒളിച്ച രണ്ട് യുവാക്കൾ പിടിയിൽ; ചുമത്തിയത് 81 മോഷണക്കുറ്റങ്ങൾ

