ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം; സന്നിധാനം, പമ്പ, നിലയ്ക്കൽ പ്രദേശങ്ങളിൽ കളക്ടറുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ മുന്നൊരുക്കങ്ങളും ജില്ലാ കളക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ വിലയിരുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ശബരിമല മുന്നൊരുക്ക അവലോകന യോഗ തീരുമാനങ്ങളുടെ തുടർനടപടികൾ പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം.

തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുമെന്ന് കളക്ടർ വ്യക്തമാക്കി. ദേവസ്വം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം ജീവനക്കാർ, പോലീസ്, റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തോടൊപ്പം വിവിധ പ്രദേശങ്ങളും കെട്ടിടങ്ങളും സന്ദർശിച്ചാണ് സൗകര്യങ്ങൾ വിലയിരുത്തിയത്. ഓരോ സ്ഥലത്തും ആവശ്യം വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി.

ദേവസ്വം ബോർഡിന്റെ മരാമത്ത് പ്രവൃത്തികൾ നവംബർ 10-നകം പൂർത്തീകരിക്കണമെന്നും 11, 12 തീയതികളിൽ സംയുക്ത പരിശോധന നടത്തണമെന്നും കളക്ടർ നിർദ്ദേശം നൽകി. കൂടാതെ, മണ്ഡലകാലം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കി, ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാർക്കും തീർഥാടകർക്കും മികച്ച സേവനം ഒരുക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *