പാലക്കാട്: വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിക്ക് 2 സെന്റീമീറ്ററിൽ നിന്ന് 5 സെന്റീമീറ്ററായി ഉയർത്തും.
ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. ഇന്ന് രാവിലെ 7 മണിയിലെ കണക്കനുസരിച്ച് ജലനിരപ്പ് 96.85 മീറ്ററിലെത്തിയിട്ടുണ്ട്. വരുംമണിക്കൂറുകളിൽ മഴ ശക്തമായാൽ സാഹചര്യത്തിനനുസരിച്ച് ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നും അറിയിപ്പുണ്ട്.
അണക്കെട്ടിന് താഴ്ഭാഗത്തുള്ള പ്രദേശങ്ങളിലെയും പുഴയുടെ ഇരുകരകളിലെയും താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. പുഴയിൽ ഇറങ്ങുന്നതും മീൻപിടുത്തവും ഒഴുക്കുള്ള ഭാഗങ്ങളിലേക്ക് പോകുന്നതും കർശനമായി ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

