ഇടുക്കി: കുഞ്ചിത്തണ്ണി ബൈസൺവാലി അച്ഛൻകാട്ടിൽ മലമുകളിലെ കാട്ടിലേക്ക് വെള്ളം തിരിക്കാൻ പോയ വയോധികൻ കാൽവഴുതി വീണ് അപകടത്തിൽപ്പെട്ടു. ബൈസൺവാലി സ്വദേശി ഇഴക്കിയിൽ വില്ലയിൽ വസന്ത് (72) എന്നയാൾക്കാണ് പരിക്കേറ്റത്.
അച്ഛൻകാട്ടിലെ ദുർഘടവും ഇടുങ്ങിയതുമായ പാറക്കെട്ടുകളിലൂടെ വെള്ളം തിരിക്കാനായി പോകുന്നതിനിടെ ഇയാൾ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ ഉടൻതന്നെ രാജാക്കാട് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കാട്ടിലൂടെ ഒരു കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാണ് പരിക്കേറ്റ ആളുടെ അടുത്തെത്തിയത്.
തുടർന്ന് രക്ഷാപ്രവർത്തനം നടത്തി സ്ട്രെച്ചറിൽ ചുമന്ന് ഇയാളെ കാടിന് പുറത്തെത്തിച്ചു. ഉടൻതന്നെ കുഞ്ചിത്തണ്ണിയിലുള്ള ആംബുലൻസിൽ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

