ലോക കേരളസഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ല; എല്‍.ഡി.എഫ് ശൈലിയിലുള്ള സംഘാടനം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ലോക കേരളസഭ തുടരേണ്ടതില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ രീതിയില്‍ ലോക കേരളസഭ സംഘടിപ്പിക്കുന്നത് നിലവിലെ സര്‍ക്കാരിന്റെ പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാം എഡിഷനായി സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാരാണ് ലോക കേരളസഭ രൂപീകരിച്ചത്. 2018 ജനുവരിയിലാണ് ആദ്യത്തെ ലോക കേരളസഭ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരു വേദിയില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് ഇതിന് തുടക്കം കുറിച്ചതും തുടര്‍ന്നുള്ള എഡിഷനുകള്‍ സംഘടിപ്പിച്ചതും.

വിദേശത്തും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജീവിക്കുന്ന മലയാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനുള്ള നയങ്ങള്‍ രൂപീകരിക്കുക,സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വികസനത്തില്‍ പ്രവാസികളുടെ പങ്കാളിത്തവും നിക്ഷേപവും ഉറപ്പാക്കുക,പ്രവാസികള്‍ നേരിടുന്ന തൊഴില്‍പരമായതും പുനരധിവാസപരവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സഭ രൂപീകരിച്ചത്.

കേരള നിയമസഭയിലെ എം.എല്‍.എമാര്‍,കേരളത്തില്‍ നിന്നുള്ള എം.പിമാര്‍, ഒപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രവാസി പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് ഈ സഭ. നിയമനിര്‍മ്മാണ അധികാരങ്ങളില്ലാത്ത, എന്നാല്‍ പ്രവാസി ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കുമായി സര്‍ക്കാരിലേക്ക് നിര്‍ദ്ദേശങ്ങളും നയരൂപീകരണ ആശയങ്ങളും സമര്‍പ്പിക്കുന്ന ഒരു ഉപദേശക സമിതിയായാണ് ലോക കേരളസഭ പ്രവര്‍ത്തിക്കുന്നത്.

ലോക കേരളസഭ സെക്രട്ടേറിയറ്റിന് നിലവില്‍ ഓഫീസുണ്ട്. ഈ ഓഫീസിന്റെ ഭരണപരമായ ചെലവുകള്‍ക്കും നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കുമാണ് നിലവില്‍ തുക അനുവദിച്ചിട്ടുള്ളത്. പ്രവാസി ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്നും, ഇത്തരം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *