തൃശൂർ: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) കേരളം നടപ്പാക്കുന്ന ‘തൂഫാൻ കമാൻഡോസ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തൃശൂരിൽ നടക്കും. വൈകിട്ട് നാലിന് തെക്കേഗോപുരനടയിൽ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാനത്തെ മുഴുവൻ എൻഎസ്എസ് വളന്റിയർമാരെയും ‘തൂഫാൻ കമാൻഡോസ്’ ആയി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പദ്ധതിയുടെ പേരെഴുതിയ പ്രത്യേക തൊപ്പി മന്ത്രി വളന്റിയർമാരെ അണിയിക്കും. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിലുള്ള ഏകദേശം മൂന്നര ലക്ഷം എൻഎസ്എസ് വളന്റിയർമാരും മന്ത്രിമാരും പൊതുജനങ്ങളും പരിപാടിയുടെ ഭാഗമാകും. തുടർന്ന് ‘യുവതേ നാം ഒന്നാകണം, ലഹരിക്കെതിരേയാകണം’ എന്ന ഗാനത്തിന് വളന്റിയർമാർ ചുവടുവയ്ക്കും.
കേരള പൊലീസിന്റെയും എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി വളന്റിയർമാർക്ക് പരിശീലനം നൽകുന്നതോടെയാണ് പദ്ധതിക്ക് തുടക്കമാകുന്നത്.
അതേസമയം, സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടം തദ്ദേശതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ‘തൂഫാൻ ജനജാഗ്രതാ സമിതികൾ’ രൂപീകരിക്കാനും വാർഡ് തലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനുമാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന, യുവജന സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവരുടെ പങ്കാളിത്തവും ലക്ഷ്യമിടുന്നുണ്ട്. ലഹരിക്ക് അടിമപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കും രണ്ടാംഘട്ടത്തിൽ പ്രാധാന്യം നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.

