ഓക്‌ലൻഡ്: ഇന്ത്യക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള 16 അംഗ ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. മിച്ചൽ സാന്റ്നറാണ് ടീമിനെ നയിക്കുക. പരിക്കിനെ തുടർന്ന് കഴിഞ്ഞ ടി20 ലോകകപ്പ് നഷ്ടമായ പേസർ ആദം മിൽനെയും ഓൾറൗണ്ടർ മൈക്കൽ ബ്രേസ്വെല്ലും ടീമിൽ തിരിച്ചെത്തി.
വലത് തോളിന് പരിക്കേറ്റതിനാൽ ഓൾറൗണ്ടർ രചിൻ രവീന്ദ്രയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച പ്രമോഷണൽ ഷൂട്ടിനിടെയാണ് രചിന് തോളിന് പരിക്കേറ്റത്. ഏകദേശം ആറാഴ്ചത്തെ പുനരധിവാസമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം.
ഫിൻ അലനും ടിം സീഫെർട്ടും വീണ്ടും ന്യൂസിലൻഡിന്റെ ഓപ്പണർമാരായി എത്തും. ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി, കെയ്ൽ ജെയമിസൺ, ജേക്കബ് ഡഫി, സാക് ഫൗൾക്സ്, ആദം മിൽൻ, നാഥൻ സ്മിത്ത് എന്നിവരടങ്ങുന്നതാണ് ടീമിന്റെ പേസ് നിര. പരിക്കിൽനിന്ന് പൂർണമായി മടങ്ങിയെത്താത്ത ബെൻ സിയേഴ്സിനെ പരിഗണിച്ചിട്ടില്ല.
ന്യൂസിലൻഡ് ടീം: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ, സാക് ഫൗൾക്സ്, മാറ്റ് ഹെൻറി, ബെവോൺ ജേക്കബ്സ്, കെയ്ൽ ജെയമിസൺ, ആദം മിൽൻ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ടിം സീഫെർട്ട്, നാഥൻ സ്മിത്ത്.
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടി20 ഒക്ടോബർ 22ന് ക്രൈസ്റ്റ്‌ചർച്ചിലെ ഹാഗ്ലി ഓവലിലാണ്. ഒക്ടോബർ 24ന് ഇതേ വേദിയിൽ രണ്ടാം മത്സരം നടക്കും. തുടർന്ന് ഒക്ടോബർ 27ന് വെല്ലിങ്ടണിലും ഒക്ടോബർ 30ന് ഓക്‌ലൻഡിലും നവംബർ ഒന്നിന് ഹാമിൽട്ടണിലും മത്സരങ്ങളുണ്ട്. ടി20 പരമ്പരയ്ക്ക് പിന്നാലെ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും നടക്കും.

