മുംബൈ: ഓസ്‌ട്രേലിയയുടെ പ്രമുഖ ട്വന്റി20 ടൂർണമെന്റായ ബിഗ് ബാഷ് ലീഗ് (BBL) ചരിത്രത്തിലാദ്യമായി ഇന്ത്യയിലേക്ക്. ബിബിഎൽ പതിനാറാം സീസണിന്റെ (BBL|16) ഉദ്ഘാടന മത്സരത്തിൽ പ്രമുഖ ടീമായ പെർത്ത് സ്കോർച്ചേഴ്സ് ചെന്നൈയിൽ കളത്തിലിറങ്ങും. കായികരംഗം, വ്യാപാരം, വിനോദസഞ്ചാരം, നിക്ഷേപം എന്നിവയിലൂടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായി മുംബൈയിലാണ് ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്.
ചെന്നൈ എം.എ. ചിദംബരം (ചെപ്പോക്ക്) സ്റ്റേഡിയത്തിൽ നടക്കുന്ന ആ ചരിത്രപ്രസിദ്ധ ബിഗ് ബാഷ് ലീഗ് (BBL|16) ഉദ്ഘാടന മത്സരം 2026 ഡിസംബർ 12, ശനിയാഴ്ചയാണ് നടക്കുന്നത്
അന്ന് പെർത്ത് സ്കോർച്ചേഴ്സും മെൽബൺ റെനഗേഡ്സും തമ്മിലാണ് മത്സരം. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഓസ്‌ട്രേലിയയ്ക്ക് പുറത്ത് ഒരു മത്സരം നടക്കുന്നത്
വെസ്റ്റേൺ ഓസ്‌ട്രേലിയയ്ക്കും ചെന്നൈയ്ക്കും ഇതൊരു വൻ അവസരമാണെന്ന് ഡബ്ല്യുഎ പ്രീമിയർ റോജർ കുക്ക് വ്യക്തമാക്കി. ക്രിക്കറ്റിലൂടെ ഓസ്‌ട്രേലിയയെയും ഇന്ത്യയെയും പരസ്പരം കൂടുതൽ അടുപ്പിക്കാൻ സാധിക്കുമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ കായിക മന്ത്രി റീത്ത സാഫിയോട്ടിയും പ്രതികരിച്ചു. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന നാഴികക്കല്ലായാണ് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഈ ഉദ്ഘാടന മത്സരത്തെ വിലയിരുത്തുന്നത്.

