ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ‘ഠീക് കരോ’ (ശരിയാക്കുക) എന്ന ഹാഷ്ടാഗുമായി കോക്രോച്ച് ജനത പാർട്ടി (സിജെപി) ക്യാംപയിൻ ആരംഭിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിമർശനങ്ങളോടെയാണ് ക്യാംപയിൻ.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിൽ സെപ്റ്റംബർ 24ന് പ്രത്യേക വാർത്താസമ്മേളനം നടത്തുമെന്ന് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ‘ഗ്യാനേഷ് ബ്രോ, മതിയാക്കൂ’ എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സിജെപി വിഷയത്തിൽ ഇടപെടൽ പ്രഖ്യാപിച്ചത്.
സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷും തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുകയാണെന്ന് സൗരവ് ദാസ് ആരോപിച്ചു. വോട്ടവകാശം സംരക്ഷിക്കുന്നതിനാണ് സംഘടന ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കമ്മീഷന്റെ വിവിധ തീരുമാനങ്ങളിൽ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചതായുള്ള റിപ്പോർട്ടാണ് ക്യാംപയിന് പശ്ചാത്തലമായത്. വോട്ടർപട്ടികയിലെ പേരുകൾ ചേർക്കൽ, നീക്കംചെയ്യൽ, പുനഃസ്ഥാപിക്കൽ, വോട്ടർ രജിസ്ട്രേഷൻ നടപടികളിലെ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ എതിർപ്പുകൾ റിപ്പോർട്ട് ചെയ്തത്.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ ഇത്തരം റിപ്പോർട്ടുകളിലെ ഭിന്നതാ വാദം തള്ളിയിട്ടുണ്ട്. സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) ഉൾപ്പെടെയുള്ള കമ്മീഷന്റെ തീരുമാനങ്ങൾ മൂന്ന് അംഗങ്ങളുടെയും അംഗീകാരത്തോടെ ഏകകണ്ഠമായാണ് എടുത്തതെന്നാണ് കമ്മീഷൻ വൃത്തങ്ങളുടെ വിശദീകരണം.

