ഹോർമുസിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് സഞ്ചരിച്ചിരുന്ന ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എംവി കേപ് ഡാവോ എന്ന കപ്പലിന് നേരെയാണ് അജ്ഞാത പ്രോജക്ടൈലുകൾ പതിച്ചത്. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ ജീവനക്കാരിൽ ഒരാളാണ് മരിച്ചത്.

ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും പിന്നീട് കപ്പൽ നിയന്ത്രണമില്ലാതെ കടലിൽ ഒഴുകുകയും ചെയ്തതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചതായും രണ്ട് പേർക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകളുണ്ടെന്നും UKMTO വ്യക്തമാക്കി.

മരിച്ച ഇന്ത്യൻ നാവികനെ ഉത്തർപ്രദേശിലെ ഡിയോറ സ്വദേശിയായ സൂരജ് യാദവ് എന്നാണ് തിരിച്ചറിഞ്ഞത്. കപ്പലിൽ ആകെ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും ഇതിൽ 20 പേർ ഇന്ത്യക്കാരായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായി ബന്ധപ്പെട്ട് കപ്പലിലെ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മരിച്ച നാവികന്റെ കുടുംബവുമായി എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അജ്ഞാത പ്രോജക്ടൈലാണ് കപ്പലിൽ പതിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹോർമുസ് കടലിടുക്കിലും സമീപപ്രദേശങ്ങളിലും വാണിജ്യ കപ്പലുകൾ നേരിടുന്ന സുരക്ഷാ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് സംഭവം.

വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഗൾഫ് മേഖലയിലെ സമുദ്രസുരക്ഷാ സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ നാവികരുടെയും കപ്പൽ ഗതാഗതത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളുമായി ഏകോപനം തുടരുകയാണെന്നും കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *